പത്തനംതിട്ട: മഴക്കെടുതിയില്‍ നാശനഷ്‌ടങ്ങളുണ്ടായ പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറയില്‍ റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ട സ്ഥലത്താണ് മന്ത്രി ആദ്യം എത്തിയത്. റോഡില്‍ രൂപപ്പെട്ട വിള്ളലിനെ കുറിച്ച് ശാസ്‌ത്രീയ പഠനം നടത്തുമെന്ന് മന്ത്രി പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.
![kerala rain veena george visit rain affected areas minister veena george pathanamthitta rain kerala weather updates കേരളത്തില്‍ കനത്ത മഴ മഴക്കെടുതി ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ് പത്തനംതിട്ട മഴക്കെടുതി വീണ ജോര്‍ജ് മന്ത്രി വീണ ജോര്‍ജ് മഴ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/16016159_minis.jpg)
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് മുണ്ടന്‍പാറ. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ഇവിടെ ശാസ്‌ത്രീയ പഠനം നടത്തും. അതിനായി ഒരു സംഘത്തെ രൂപീകരിച്ച് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
![kerala rain veena george visit rain affected areas minister veena george pathanamthitta rain kerala weather updates കേരളത്തില്‍ കനത്ത മഴ മഴക്കെടുതി ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ് പത്തനംതിട്ട മഴക്കെടുതി വീണ ജോര്‍ജ് മന്ത്രി വീണ ജോര്‍ജ് മഴ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/16016159_mini.jpg)
നിയോഗിച്ച സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കുന്നിന്‍റെ ചരിവായ പ്രദേശമായതിനാല്‍ വിള്ളല്‍ പല സ്ഥലങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്. അതിന്‍റെ കാരണം വ്യക്തമായി അന്വേഷിക്കുന്നതിനാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശാസ്‌ത്രീയ പഠന റിപ്പോര്‍ട്ട് ലഭ്യമായാലുടന്‍ ശാശ്വത പരിഹാരം പ്രദേശവാസികള്‍ക്കായി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രദേശവാസികള്‍ അടിയന്തരമായി സ്ഥലത്ത് നിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറി താമസിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കണ്ണൂര്‍ ജില്ലയിലെ കണിച്ചാരിലുണ്ടായ ഉരുള്‍പ്പൊട്ടലിലെ ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട് മരണമടഞ്ഞ രണ്ടര വയസുകാരിയായ നുമ തസ്ലിന്‍റെ മാതാവ് നാദിറ റഹീമിനെ മന്ത്രി സന്ദര്‍ശിച്ചു. റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്വകാര്യ വ്യക്തിയുടെ വീടിന്‍റെ കെട്ടിടം ഉള്‍പ്പെടെ തകര്‍ന്ന കുളനട പഞ്ചായത്തിലെ പാണിലിലും മന്ത്രി സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് റോഡിന്‍റെ ടാറിങിന്‍റെ പാതി ഭാഗം വിണ്ടുകീറുകയും സംരക്ഷണഭിത്തി ഉള്‍പ്പെടെ തകര്‍ന്ന് സ്വകാര്യ വ്യക്തിയുടെ വീടിന് മുകളിലേക്ക് പതിക്കുകയും ചെയ്‌തത്. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ബലവത്തായ രീതിയില്‍ സംരക്ഷണ ഭിത്തി കെട്ടുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്‌ടിപിക്കാണ് നിര്‍മാണ ചുമതല. എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. വീടിന്‍റെ കേടുപാടുകള്‍ ഉള്‍പ്പെടെ മാറ്റുമെന്നും മന്ത്രി ഉറപ്പ് നല്‍കി. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Also read: ശബരിമല ഭക്തര്‍ ഉടൻ മലയിറങ്ങണം: പമ്പ, മണിമല, അച്ചൻകോവിലാര്‍ തീരത്ത് അതീവ ജാഗ്രത