പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സുസജ്ജമായി കേരള ഫയര്‍ഫോഴ്‌സ്. പമ്പയും, സന്നിധാനവും കേന്ദ്രീകരിച്ചാണ് ഇത്തവണ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. അടിയന്തര രക്ഷാപ്രവര്‍ത്തനം,തീ അണക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.സൂരജ്, സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 39 പേരാണ് ഇത്തവണ സുരക്ഷാ ദൗത്യത്തിനെത്തിയിട്ടുള്ളത്.
മരക്കൂട്ടം, ശരംകുത്തി, കെ.എസ്.ഇ.ബി, മാളികപ്പുറം, അരവണ കൗണ്ടറോട് ചേര്‍ന്ന മെയിന്‍ കണ്‍ട്രോള്‍ റൂം എന്നിങ്ങനെ അഞ്ചിടത്തായാണ് ഫയര്‍ഫോഴ്‌സ് താവളങ്ങൾ. നാലു പോയിന്‍റുകളിലും ആറു പേര്‍ വീതവും, മെയിന്‍ കണ്‍ട്രോള്‍ റൂമില്‍ മറ്റുള്ളവരും ജോലി ചെയ്യുന്നു. സന്നിധാനത്തെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് സ്ട്രക്ച്ചറും, ഫയര്‍ എക്സ്റ്റിംഗുഷറും സ്ഥാപിച്ചു. ഇതിനു പുറമേ കൃത്യമായ ഇടവേളകളിർ അണുനശീകരണവും നടത്തുന്നുണ്ട്. തിരുമുറ്റം, പതിനെട്ടാം പടി നട, അപ്പം- അരവണ കൗണ്ടര്‍, നടപ്പന്തല്‍, കെഎസ്ഇബി എന്നിവിടങ്ങള്‍ രണ്ടു ദിവസത്തിലൊരിക്കല്‍ അണുവിമുക്തമാക്കുന്നുണ്ട്. മാളികപ്പുറം ദിവസവും അണുവിമുക്തമാക്കുന്നുണ്ട്.
നിലയ്ക്കലില്‍ 30 പേരും പമ്പയിൽ 38 പേരും അടങ്ങുന്ന ഫയര്‍ഫോഴ്‌സ് സംഘമാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവരുടെ വാഹനങ്ങള്‍ അണുവിമുക്തമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.