പത്തനംതിട്ട: ജില്ലാ കഥകളി ക്ലബ്ലിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇരുപത്തഞ്ചാമത് കഥകളിമേളക്ക് അയിരൂർ പമ്പാ മണൽപ്പുറത്ത് തുടക്കമായി. കഥകളി കലാകാരൻ കലാമണ്ഡലം ഗോപിയാശാൻ കളിവിളക്കിൽ ദീപം പകർന്നതോടെ പത്ത് നാൾ നീണ്ടുനിൽക്കുന്ന കഥകളിമേളക്ക് തുടക്കമായി.
കേരളത്തിൽ നിരവധി കഥകളി ക്ലബ്ലുകൾ നിലവിലുണ്ടെങ്കിലും ശോഷിച്ച അവസ്ഥയിലാണ്. എന്നാൽ അയിരൂർ കഥകളി ക്ലബ് ദിനംപ്രതി വളർന്നു വരുന്നു എന്നത് സംഘാടകർക്കും കലാകാരന്മാർക്കും ആസ്വാദകർക്കും ഒരുപോലെ അഭിമാനിക്കാവുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗോപിയാശാൻ പറഞ്ഞു. ജില്ലാ കഥകളി ക്ലബ് പ്രസിഡന്റ് വി. എൻ ഉണ്ണി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ കലക്‌ടർ പി. ബി നൂഹ് ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. .
ചടങ്ങിൽ 2019 ലെ നാട്യ ഭാരതീ അവാർഡ് പ്രശസ്ത കഥകളി ചെണ്ട വിദ്വാൻ കലാഭാരതീ ഉണ്ണികൃഷ്ണനും, പ്രെഫ. എസ് ഗുപ്തൻ നായർ പുരസ്കാരം പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. പി കെ രാജശേഖരനും വിതരണം ചെയ്തു. ചടങ്ങിൽ ഡോ. ജോസ് പാറക്കടവിൽ ദിലീപ് അയിരൂർ, പി. പി രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.