പത്തനംതിട്ട: ലോക്ക് ഡൗണിൽ പൂക്കളുടെ വിപണനം താറുമാറായതോടെ വിവാഹമാലകൾക്കിടയില്‍ താരമായിരിക്കുകയാണ് രാമച്ചമാല. നിയന്ത്രണങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് പൂക്കള്‍ എത്താതായപ്പോൾ ലോക്ക് ഡൗൺ കാലത്തെ വിവാഹങ്ങൾക്ക് വരണമാല്യം ചാർത്താൻ ഇന്ദിരാമ്മയുടെ രാമച്ചമാലകൾ തയ്യാറാണ്.
കഴിഞ്ഞ മൂന്നാഴ്‌ചക്കിടയില്‍ രാമച്ചത്തില്‍ തീര്‍ത്ത നിരവധി കല്യാണമാലകളാണ് ഇന്ദിരാമ്മയെന്ന 78 കാരിയുടെ പക്കലിൽ നിന്നും വിറ്റുപോയത്. പെരിങ്ങര ശ്രീവിനായകാ ഫ്ലവേഴ്‌സിന്‍റെ ഉടമകൂടിയായ ഇന്ദിരാമ്മ ഏറെ പ്രയാസമേറിയാണ് രാമച്ചമാലകള്‍ ഒരുക്കുന്നത്. ഒരു സെറ്റ് മാലക്ക് 1500 രൂപ മുതലാണ് വില. രാമച്ചം തല്ലിക്കുടഞ്ഞ് കഴുകി ഉണക്കി, ചീകി പരുവപ്പെടുത്തിയാണ് മാലകെട്ടുന്നത്. പൊടി പൂര്‍ണമായി പോയതിന് ശേഷമാണ് മാലകെട്ടുക. ഒരുമാല കെട്ടിത്തീരാന്‍ മൂന്ന് മണിക്കൂറിനടുത്ത് വേണ്ടിവരുമെന്ന് ഇന്ദിരാമ്മ പറയുന്നു. മുമ്പ് പൂക്കള്‍ ഉപയോഗിച്ച് ഇരുവശങ്ങളിലും പത്തികള്‍ കെട്ടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫാന്‍സി റിങ്ങുകള്‍ ഉപയോഗിച്ചാണ് മാല ഭംഗിയുള്ളതാക്കുന്നത്. ഔഷധഗുണം കൂടിയുള്ള രാമച്ചമാലകള്‍ ഏറെക്കാലം നില്‍ക്കുമെന്നതാണ് പ്രത്യേകത. പണ്ട് കാലത്ത് നാടന്‍ തുളസി, രാമച്ചം, കുടമുല്ല തുടങ്ങിയവയായിരുന്നു കല്യാണ മാലകള്‍ക്ക് പ്രധാനമായും ഉപയോഗിച്ചിരുന്നതെന്ന് ഇന്ദിരാമ്മ പറയുന്നു.