പത്തനംതിട്ട: അയ്യപ്പന്‍റെ പൂങ്കാവനമായ ശബരിമലയും പരിസരപ്രദേശവും എപ്പോഴും മാലിന്യവിമുക്തമായിരിക്കണമെന്ന് ഹൈക്കോടതി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ 'പവിത്രം ശബരിമല' സമ്പൂർണ ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമായി ശുചീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാവിലെ അയ്യപ്പദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പവിത്രം ശബരില പദ്ധതിയിൽ പങ്കാളിയായത്.
പവിത്രം ശബരിമല പദ്ധതിയുടെ നീല തൊപ്പിയും പ്രത്യേക മാസ്‌കുമണിഞ്ഞാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമായത്. ശനിയാഴ്‌ച രാവിലെ സന്നിധാനത്തെ പുണ്യം പൂങ്കാവനം ഓഫിസിന് മുന്നില്‍ നടന്ന പരിപാടിയില്‍ സ്‌പെഷ്യല്‍ ഓഫിസര്‍ ആനന്ദ് ആര്‍, അസിസ്‌റ്റന്‍റ് സ്പെഷ്യല്‍ ഓഫിസര്‍ നിതിന്‍ രാജ്, പുണ്യം പൂങ്കാവനം ഡിവിഷന്‍ ഓഫിസര്‍ സുമേഷ് എ.എസ് എന്നിവര്‍ സംബന്ധിച്ചു. ദിവസവും ഒരു മണിക്കൂർ വീതമാണ് ശബരിമല അയ്യപ്പസന്നിധിയിൽ ശുചീകരണം നടത്തി വരുന്നത്.
ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്‌റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ ദര്‍ശനം നടത്തിയത്.