പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് കുരുമ്പന്‍മൂഴിയില്‍ കാടിനുള്ളില്‍ ഉരുള്‍പൊട്ടി. വെള്ളപ്പാച്ചിലിൽ കുരുമ്പന്‍മൂഴി കോസ് വേ മുങ്ങി. എരുമേലിയിലും സമാനമായ രീതിയില്‍ ഉരുള്‍പൊട്ടിയെങ്കിലും എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയില്‍ തോടുകള്‍ പലതും കരകവിയുകയും തണ്ണിത്തോട് മേഖലയില്‍ റോഡുകളില്‍ വെള്ളം കയറുകയും ചെയ്‌തു. റോഡ് മുങ്ങിയതിനാല്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.