പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രളയ സമാന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. എല്ലാ നദികളിലും ജലനിരപ്പ് ഉയരുകയാണ്. മണിമലയാറിന്‍റെ എല്ലാ കൈവഴികളും തോടുകളും കരകവിഞ്ഞു.
പമ്പയിലും അച്ചൻകോവിലിലും അടക്കം ജലനിരപ്പ് ഉയരുകയാണ്. നദി തീരങ്ങളിൽ താമസിക്കുന്നവരും, താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും അപകട സാധ്യത മേഖലകളിൽ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശം നൽകുന്നുണ്ട്. കക്കി ഡാമിന്‍റെ 65.11 ശതമാനവും പമ്പ ഡാമിന്‍റെ 35.81 ശതമാനവും സംഭരണ ശേഷി നിറഞ്ഞിട്ടുണ്ട്.
നദികളുടെ ജലനിരപ്പ് വര്‍ധിച്ചു വരികയാണ്. പമ്പയാറും മണിമലയാറും അപകട ജലനിരപ്പിനെക്കാളും ഉയരത്തിലാണ്. അച്ചന്‍കോവിലിന്‍റെ മുന്നറിയിപ്പ് നില കടന്നിരിക്കുകയാണ്.
നദീ തടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. എല്ലാ താലൂക്കുകളിലും പ്രവര്‍ത്തിക്കുന്ന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ആവശ്യം വരുന്ന മുറയ്‌ക്ക് മാറി താമസിക്കണം എന്ന് ജില്ല കലക്‌ടർ ഡോ ദിവ്യ എസ് അയ്യർ ജാഗ്രത നിർദേശം നൽകി. ജില്ലയിൽ മല്ലപ്പള്ളി, റാന്നി, തിരുവല്ല താലൂക്കുകളിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
ഇവിടങ്ങളിൽ 75 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മൊത്തം 266 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. കാലവർഷവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ഇന്ന്(02.08.2022) രാവിലെ പത്തനംതിട്ട കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ആരംഭിച്ചു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത വര്‍ധിച്ചതോടെ കിഴക്കന്‍ മലയോര മേഖലകളിലെ ജനങ്ങള്‍ അതീവ ജാഗ്രതയിലാണ്.
20 മേഖലകളെ അതീവ ജാഗ്രത മേഖല പട്ടികയില്‍ ഉള്‍പ്പെടുത്തി. താഴ്‌ന്ന പ്രദേശങ്ങളില്‍ നദികളും തോടുകളും കരകവിയുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. കോന്നി താലൂക്കിലെ 20 പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്ന് പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. താലൂക്ക് ആസ്ഥാനത്ത് ക്യാമ്പ് ചെയ്‌ത് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സ്ഥിതിഗതികൾ നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ നൽകി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നുണ്ട്. വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏത് സമയവും ദുരന്തനിവാരണ സേനയുടെ സേവനം ലഭ്യമാക്കും.
കോന്നി വില്ലേജിലെ പൊന്തനാംകുഴി ഹരിജന്‍ കോളനി, സീതത്തോട് വില്ലേജിലെ ഗുരുനാഥന്‍മണ്ണ്, മുണ്ടന്‍പാറ, ചിറ്റാര്‍ വില്ലേജിലെ മണക്കയം എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇവിടങ്ങളിൽ ഉരുള്‍പൊട്ടി വന്‍ നാശം സംഭവിച്ചിട്ടുണ്ട്. സീതത്തോട് വില്ലേജിലെ സീതക്കുഴി, തേക്കുംമൂട്, മൂന്നുകല്ല്, ചിറ്റാര്‍ വില്ലേജിലെ മീന്‍കുഴി, വയ്യാറ്റുപുഴ, അരുവാപ്പുലം വില്ലേജിലെ മറ്റാക്കുഴി, മുതുപേഴുങ്കല്‍, അയന്തിമുരുപ്പ്, മ്‌ളാന്തടം, ക്വാറിമുരുപ്പ്, കൊല്ലന്‍പടി, പനനില്‍ക്കുംമുകളില്‍, കരിങ്കുടുക്ക, കല്ലേലി ,വെള്ളികെട്ടി, ഊട്ടുപാറ മിച്ചഭൂമി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കനത്ത മഴയെ തുടര്‍ന്ന് പമ്പ, മണിമല നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബുധനാഴ്‌ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. നദികളിലും പാടശേഖരങ്ങളിലും ഇടത്തോടുകളിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുകയാണ്.
കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള കുത്തൊഴുക്കിനെ തുടര്‍ന്ന് നദികളിൽ ജലം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. പെരിങ്ങര പഞ്ചായത്തിലെ മേപ്രാല്‍, കോമങ്കേരിച്ചിറ, വേങ്ങല്‍, ആലംതുരുത്തി തുടങ്ങിയ പ്രദേശങ്ങളിലും നഗരസഭയില്‍ മണിമലയാറിന്‍റെ തീരത്ത് താമസിക്കുന്ന മംഗലശ്ശേരി, അടമ്പട കോളനികളും നിരണം, കടപ്ര, കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തിലെ താഴ്‌ന്ന പ്രദേശങ്ങളുമാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്. ശക്തമായ ഒഴുക്കുമുണ്ട്. കഴിഞ്ഞ പ്രളയങ്ങളില്‍ ഒഴുകിയെത്തിയ എക്കലും ചെളിയും മറ്റും നദികളിലും തോടുകളിലും നിറഞ്ഞിരിക്കുന്നതും വേഗത്തില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകുന്നതായി പറയുന്നു.
പമ്പ, മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ തിരുവല്ല താലൂക്കിൽ ജാഗ്രത നിര്‍ദേശം നല്‍കി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അടിയന്തര സഹായത്തിന് താലൂക്ക് ഓഫിസിലെ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തദ്ദേശ സ്ഥാപനങ്ങളുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെടണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഹെല്‍പ്പ് ലൈന്‍: 0469 2601303. റാന്നിയിൽ പ്രമോദ് നാരായൺ എംഎൽഎ യുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നിർദേശങ്ങൾ നൽകുന്നുണ്ട്.
Also read: പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രം മുങ്ങി, വെള്ളപ്പൊക്ക ഭീഷണിയില്‍ എറണാകുളം