പത്തനംതിട്ട: കനത്ത മഴയിൽ കോന്നിയില്‍ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. കലഞ്ഞൂർ, കൂടൽ, വകയാർ എന്നിവിടങ്ങളിലെ ജനങ്ങളെയാണ് മഴ കൂടുതലായി ബാധിച്ചത്. കോന്നി ആനക്കൂടിനു സമീപം പെന്തനാക്കുഴി കോളനിയിൽ 16-ാം വാർഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് 15 വീടുകളിലുള്ളവരെ മാറ്റി പാർപ്പിച്ചു. 100 ലധികം വീടുകൾ സുരക്ഷാഭീഷണി നേരിടുന്നുണ്ട്.
കലഞ്ഞൂരില്‍ പതിനഞ്ച് വീടുകളില്‍ വെള്ളം കയറി. കലഞ്ഞൂർ ഹയർ സെക്കൻഡറി സ്കൂളില്‍ അഞ്ച് മുറികൾ ക്യാമ്പിനായി തുറന്നു.ജില്ലാ കലക്‌ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പത്തനാപുരം 110 കെവി സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്ലപ്പെട്ടു. പത്തനംതിട്ടയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ഒരു സംഘം പുറപ്പെട്ടതായി ജില്ലാ കലക്ടർ അറിയിച്ചു.