പത്തനംതിട്ട: മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം സമൂഹത്തില്‍ രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയുടെ പലഭാഗത്തും മാസ്‌കുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അപകടകരമായ പ്രവൃത്തിയും ശിക്ഷാര്‍ഹവുമാണ്. ശരിയായി കൈകഴുകുന്ന രീതിയും സാമൂഹിക അകലം പാലിക്കലും പരിശീലിച്ച നമ്മള്‍ ശരിയായ മാസ്‌ക് ഉപയോഗിക്കുന്ന രീതിയും സ്വഭാവത്തിന്റെ ഭാഗമാക്കണം.
മാസ്‌കുകൾ എങ്ങനെ ഉപയോഗിക്കാം?
എന്‍-95 മാസ്‌ക് രോഗികള്‍ക്കും രോഗികളെ അടുത്തുനിന്നു പരിചരിക്കുന്നവര്‍ക്കും മാത്രമാണ്. ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ആശുപത്രി ജീവനക്കാരും ആരോഗ്യപ്രവര്‍ത്തകരും ധരിക്കണം. പൊതുജനങ്ങള്‍ ധരിക്കേണ്ടതു ഡബിള്‍ ലെയര്‍ മാസ്‌കുകളാണ്. വീടുകളില്‍ തന്നെ നിര്‍മിക്കാവുന്ന കോട്ടണ്‍ മാസ്‌കുകളാണ് ഏറ്റവും അഭികാമ്യം. ഇവ കഴുകി വീണ്ടും ഉപയോഗിക്കാമെന്നതിനാല്‍ എല്ലാ ദിവസവും ഉപേക്ഷിക്കേണ്ടി വരുന്നില്ല.
മാസ്‌കുകൾ ശരിയായി സംസ്‌കരിക്കേണ്ടതെങ്ങനെ?
കോട്ടണ്‍ മാസ്‌കുകൾ സോപ്പ് ലായനിയില്‍ കഴുകി അഞ്ച് മണിക്കൂറെങ്കിലും വെയിലത്ത് ഉണക്കി വീണ്ടും ഉപയോഗിക്കാം. ഒരാള്‍ക്ക് രണ്ടു മാസ്‌ക് എങ്കിലും വേണം. വെയില്‍ ലഭിക്കാത്ത സീസണില്‍ തേപ്പുപെട്ടി ഉപയോഗിച്ചു ചൂടാക്കിയാല്‍ മതി. പ്രഷര്‍ കുക്കറില്‍ 10 മിനിട്ട് തിളപ്പിക്കുന്നതും അല്ലാത്തപക്ഷം 15 മിനിട്ട് തിളപ്പിക്കുന്നതും മാസ്‌ക് ശുദ്ധമാക്കാന്‍ ഫലപ്രദമാണ്.മാസ്‌കുകൾ സംസ്‌കരിക്കേണ്ടിവരുമ്പോള്‍ വള്ളികളില്‍ മാത്രം പിടിച്ച് അഴിച്ചെടുത്തശേഷം അടപ്പുള്ള ഒരു പാത്രത്തില്‍ ഇടുക. തുടര്‍ന്ന് കത്തിച്ചുകളയണം. ഇതു വീടുകളില്‍ തന്നെ ചെയ്യണം. യാതൊരു കാരണവശാലും വീടിനുപുറത്തോ പൊതുസ്ഥലങ്ങളിലോ മാസ്‌ക് ഉപേക്ഷിക്കരുത്.