ശബരിമല: അയ്യനെ കാണാൻ യൂറോപ്പിൽ നിന്നുള്ള സംഘം ശബരിമലയിലെത്തി. ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള തോമസ് പീഫറിന്‍റെ നേതൃത്വത്തിലുള്ള 36 പേരടങ്ങുന്ന സംഘമാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് സംഘം ശബരിമലയിലെത്തിയത്.
ആകെ 54 അംഗങ്ങൾ സംഘത്തിലുണ്ടായിരുന്നെങ്കിലും 36 പേര്‍ മാത്രമായിരുന്നു കുഭകോണത്ത് നിന്നും ഇരുമുടികെട്ട് നിറച്ച് ശബരിമലയിലെത്തിയത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ മാനിച്ച് ഒപ്പമുണ്ടായിരുന്ന യുവതികളെ മാറ്റിനിര്‍ത്തി, അമ്പത് കഴിഞ്ഞ സ്ത്രീകൾ മാത്രമാണ് പുരുഷന്മാര്‍ക്കൊപ്പം മല കയറിയത്.
രണ്ടാംതവണയാണ് തോമസ് ശബരിമലയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം അമ്പത് പേര്‍ മാലയിട്ട് വ്രതമെടുത്ത് ശബരീശ ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയിരുന്നെങ്കിലും യുവതീ പ്രവേശവിധിയുടെ പശ്ചാത്തലത്തില്‍ വിവാദങ്ങളെ ഭയന്ന് ദര്‍ശനം നടത്താതെ മടങ്ങുകയായിരുന്നു.
ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞ് ശബരിമല ശുചീകരണ പദ്ധതിയായ പുണ്യം പൂങ്കാവനത്തിലും പങ്കാളികളായാണ് സംഘം മലയിറങ്ങിയത്. വിവിധ പുണ്യസ്ഥലങ്ങളില്‍ ദര്‍ശനം നടത്തി ജനുവരി 15ന് സംഘം നാട്ടിലേക്ക് മടങ്ങും.