പത്തനംതിട്ട: പതിനഞ്ചടി താഴ്‌ചയിലേക്കു വീണ് കാലൊടിഞ്ഞ പശുവിനെ രക്ഷപ്പെടുത്തി. റബര്‍ തോട്ടത്തില്‍ വീണ ഗര്‍ഭിണിയായ ജഴ്‌സി പശുവിനെ അഗ്നിശമന സേനയാണ് രക്ഷപെടുത്തിയത്. പത്തനംതിട്ട മൈലപ്ര രജനി ഭവനില്‍ ശ്യാമളയുടെ പശുവിനാണ് അപകടം സംഭവിച്ചത്. കാലു വഴുതി പതിനഞ്ച് അടി താഴ്ചയിലേക്ക് വീണ പശുവിന്‍റെ ഇടത് കാലൊടിഞ്ഞതോടെ തിരിച്ച് കയറാന്‍ കഴിയാതായി. ശ്യാമള ആളുകളെ കൂട്ടി പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഗര്‍ഭിണിയായ പശുവിന് എഴുന്നേല്‍ക്കാന്‍ കഴിയാതെ വന്നപ്പോൾ മെഡിക്കല്‍ സഹായം തേടി. ഒടുവിലാണ് അഗ്‌നിശമന സേനയെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസറായ സി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള പത്തംഗ സംഘം മൈലപ്രയിലെത്തി പശുവിനെ രക്ഷപെടുത്തി. ഒന്നര മണിക്കൂറെടുത്താണ് ഡെലിവറി ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് പശുവിനെ രക്ഷപെടുത്തിയത്. വീഴ്‌ച കാര്യമായതിനാല്‍ മൂന്ന് മാസം കൊണ്ടേ പശുവിന് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയൂവെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.