പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്‌ദാനം നല്‍കി 17കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍. പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനി സ്വദേശിയായ പ്രകാശ് (18), ഇയാളുടെ പിതാവ് ചമ്പൻകുളം കടത്തറ മെയിൻ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ഗണേശൻ (44) എന്നിവരാണ് അറസ്റ്റിലായത്. വെച്ചൂച്ചിറ പൊലീസാണ് കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
മെയ് 31നാണ് 17കാരിയെ വീട്ടില്‍ നിന്ന് കാണാതായത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വെച്ചൂച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
ഇതോടെയാണ് തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ വനത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പെണ്‍കുട്ടിയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ പ്രകാശ് എന്നയാള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയുള്ളതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയുമായെത്തിയ പ്രകാശിന് പിതാവ് ഗണേശന്‍ വനത്തിനുള്ളില്‍ താമസ സൗകര്യം ഒരുക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ അന്വേഷണ സംഘം മഫ്ത്തിയില്‍ സ്ഥലത്തെത്തി വനത്തില്‍ തെരച്ചില്‍ നടത്തി. മെയ് 2ന് വനമേഖലയില്‍ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും ഇതോടെ പ്രകാശ് ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ആറുമാസത്തെ പ്രണയവും ഒടുക്കം പീഡനവും: പുനലൂർ സ്വദേശിയായ പ്രകാശ് ആറുമാസം മുമ്പാണ് പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് പ്രണയമാകുകയായിരുന്നു. പ്രകാശുമായി സ്ഥിരമായി പെണ്‍കുട്ടി ഫോണില്‍ ബന്ധപ്പെടുന്ന വിവരം സഹോദരന്‍ കണ്ടെത്തി. ഇതിന് പിന്നാലെ പ്രകാശിനെ കുറിച്ച് മനസിലാക്കിയ സഹോദരന്‍ ഇയാളെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കി.
പ്രകാശുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സഹോദരന്‍ പറഞ്ഞതോടെ പ്രകാശ് പെണ്‍കുട്ടിയോട് വീടുവിട്ടിറങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രകാശിന്‍റെ നിര്‍ദേശാനുസരണം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ എരുമേലിയിലേക്കും തുടര്‍ന്ന് ബസില്‍ തെങ്കാശിയിലേക്കും യാത്ര തിരിച്ചു. തെങ്കാശി ബസ് സ്റ്റാന്‍റില്‍ കാത്തുനിന്ന് പ്രകാശിനൊപ്പം വീട്ടിലേക്ക് പോയി.
എന്നാല്‍ വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ പിതാവ് ഗണേശന്‍ വനത്തിനുള്ളിലെ പാറയിടുക്കില്‍ ഇരുവര്‍ക്കും താമസിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുകയായിരുന്നു. വനത്തിലെത്തിയ യുവാവ് രണ്ട് ദിവസം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗണേശനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രകാശിനെ കണ്ടെത്താനായത്.
പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് പിന്നാലെ കൗണ്‍സലിങ് ലഭ്യമാക്കാന്‍ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പൊലീസ് കത്ത് നല്‍കി.എസ് ഐ സായ് സേനൻ, എസ് സിപിഓമാരായ സാംസൺ പീറ്റർ, അൻസാരി സിപിഓമാരായ ജോസി, അഞ്ജന എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.