പത്തനംതിട്ട: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുപേരിൽ നിന്നായി 6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പാലക്കാട് നിന്നും തിരുവല്ല പൊലീസ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് പൊകശ്ശേരി പൂഞ്ചോല നാമ്പുള്ളിപുരക്കൽ വിപിനാണ് (27) അറസ്റ്റിലായത്.
രണ്ടും മൂന്നും പ്രതികൾക്കായി തിരച്ചിൽ തുടരയുകയാണ്. തിരുവല്ല നെടുമ്പ്രം കല്ലുങ്കൽ വെൺപാല വർഷാലയം വീട്ടിൽ വിനീത്, നെടുമ്പ്രം പുതുപ്പറമ്പിൽ മനു പി മോഹൻ, നെടുമ്പ്രം കല്ലുങ്കൽ പാട്ടത്തിൽ പറമ്പിൽ രാകേഷ് ആർ രാജ് എന്നിവരിൽ നിന്നും 2 ലക്ഷം രൂപ വീതം വാങ്ങിയതിനെ പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇവർ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
കേസിലെ രണ്ടാം പ്രതി വിപിന്‍റെ സഹോദരിയും, മൂന്നാം പ്രതി ഉറ്റസുഹൃത്തുമാണ്. വിനീതിനും രാകേഷിനും 50,000 രൂപ വീതം തിരികെ കൊടുത്തുവെങ്കിലും, മനുവിന് തുകയൊന്നും മടക്കി നൽകിയില്ല.
തുക മടക്കിനൽകാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ വധഭീഷണി മുഴക്കുകയാണുണ്ടായത്. തുടർന്ന് വിനീതും മറ്റ് രണ്ടുപേരും തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിർദേശപ്രകാരം കേസെടുത്ത തിരുവല്ല പൊലീസ് അന്വേഷണം തുടരവേ എട്ടാം തിയതി വൈകിട്ട് 7 മണിക്ക് പാലക്കാട് മുണ്ടൂർ നിന്നും പ്രതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തിരുവല്ലയിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.