പത്തനംതിട്ട : വടശേരിക്കരയിൽ കിണറിലെ പാറ പൊട്ടിച്ചുനീക്കാൻ സ്ഥാപിച്ച സ്ഫോടകവസ്‌തു പൊട്ടിത്തെറിച്ച് സ്ഥാപിച്ച തൊഴിലാളി മരിച്ചു. റാന്നി പെരുനാട് മാടമണ്‍ സ്വദേശി പാലാഴി വീട്ടില്‍ കൃഷ്‌ണ കുമാര്‍(44) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
കക്കുടുമണ്‍ കാഞ്ഞിരക്കാട്ട് ഭാഗത്തെ കിണറിൽ നിന്നും പാറ പൊട്ടിച്ചുനീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കിണറ്റിനുള്ളിലെ പാറ പൊട്ടിക്കാനായി കുഴിച്ച ശേഷം കൃഷ്‌ണ കുമാർ ഇതിൽ സ്ഫോടക വസ്‌തു നിറച്ചു. ഇതിന് ശേഷം കിണറിൽ നിന്നും കരയിലേയ്ക്ക് കയറുന്നതിനിടെ സ്‌ഫോടനമുണ്ടായാണ് അപകടമെന്ന് പൊലീസ് പറയുന്നു.
Also Read: വിവാഹ സംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് വരനടക്കം ഒമ്പത് പേര്‍ മരിച്ചു
കൃഷ്‌ണ കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. കൃഷ്‌ണ കുമാര്‍ അവിവാഹിതന്‍ ആണ്. സംഭവത്തിൽ പെരിനാട് പൊലീസ് കേസെടുത്തു.