പത്തനംതിട്ട : പുല്ലാട് രമാദേവി കൊലക്കേസില്‍ റിമാന്‍ഡിലായ ഭര്‍ത്താവ് സിആര്‍ ജനാര്‍ദ്ദനന്‍ നായരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് ( ജൂലൈ 14) രാവിലെയാണ് വടക്കേ കവലയിലെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ വീടും സ്ഥലവും മറ്റൊരാള്‍ക്ക് വിറ്റിരുന്നു.
കാട് കയറിയ സ്ഥലത്ത് വീട് പൊളിച്ച് നീക്കിയിരുന്നു. സ്ഥലത്ത് നേരത്തെയുണ്ടായിരുന്ന ഒരു കിണര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഈ കിണറ്റില്‍ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് നേരത്തേ കണ്ടെടുത്തത്. യാതൊരുവിധ ഭാവഭേദങ്ങളും ഇല്ലാതെ പ്രതി പൊലീസിന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
രമാദേവി മരിച്ചത് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് : 2006 മെയ് 26നാണ് സ്വന്തം വീടിനകത്ത് രമാദേവിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ വീടും സ്ഥലവും വില്‍പ്പന നടത്തിയത്. രമാദേവി കൊല്ലപ്പെട്ട ദിവസം താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും വീട്ടിലെത്തുമ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നത്. വാതിലിന് മുകളിലുള്ള വിടവിലൂടെ കൊളുത്ത് മാറ്റി അകത്ത് കടക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
ശാസ്‌ത്രീയ അന്വേഷണത്തില്‍ ഇത്തരത്തില്‍ അകത്ത് കടക്കാന്‍ കഴിയില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തിന്‍റെ തുടക്കത്തില്‍ പൊലീസിന് ഇക്കാര്യത്തില്‍ സംശയമുണ്ടായെങ്കിലും തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളെ കാണാതായതോടെ അന്വേഷണം വഴിമാറുകയായിരുന്നു.
തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന ചുടലമുത്തുവിനെയും കൂടെ താമസിച്ചിരുന്ന സ്‌ത്രീയെയും പൊലീസ് പ്രതി പട്ടികയില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ കേസില്‍ ജനാര്‍ദ്ദനന്‍ അറസ്റ്റിലായെങ്കിലും പ്രതി പട്ടികയിലുള്ള ചുടല മുത്തുവിന്‍റെ പേര് നീക്കം ചെയ്യില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. കൊലപാതകത്തിന് പിന്നാലെ മുത്തുവും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്‌ത്രീയും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത് എന്തിനാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ഇയാള്‍ക്ക് കൊലപാതകത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന യുവതിയെ തെങ്കാശിയില്‍ വച്ച് കണ്ടെത്തിയെങ്കിലും ചുടലമുത്തുവിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മുത്തു തനിക്കൊപ്പം ഇല്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് അവര്‍ പൊലീസിന് നല്‍കിയ മൊഴി.
കൊലപാതകത്തിന് കാരണം സംശയ രോഗം: ജനാര്‍ദ്ദനന്‍ നായര്‍ ഭാര്യ രമാദേവിയെ കൊലപ്പെടുത്താനുള്ള മുഖ്യ കാരണം സംശയ രോഗമാണെന്ന് പൊലീസ്. പ്രസവം നിര്‍ത്തിയ ഭാര്യ വീണ്ടും രണ്ടുതവണ ഗര്‍ഭിണിയായതോടെ ജനാര്‍ദ്ദനന്‍ നായരുടെ സംശയം വര്‍ധിച്ചു. ആദ്യം രമാദേവിക്ക് ട്യൂബ് പ്രഗ്നന്‍സിയാണ് ഉണ്ടായത്. ഇത് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് സര്‍ജറിയിലൂടെ നീക്കം ചെയ്‌തിരുന്നു. എന്നാല്‍ സര്‍ജറിക്ക് ശേഷവും രമാദേവി ഗര്‍ഭിണിയായതോടെയാണ് ജനാര്‍ദ്ദനന്‍ നായര്‍ക്ക് സംശയം വര്‍ധിച്ചത്. ഇതോടെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ചുടല മുത്തുവിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ കലഹമുണ്ടായി. ഈ കലഹത്തിന് പിന്നാലെയാണ് ഇയാള്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് മുമ്പുണ്ടായ അടിപിടിയില്‍ ജനാര്‍ദ്ദനന്‍റെ മുടിയില്‍ പിടിച്ച് വലിച്ചതാണ് മരണത്തിന് ശേഷം രമാദേവിയുടെ കൈവെള്ളയില്‍ കണ്ടെത്തിയ മുടിയിഴകള്‍. ഒരു കൈയില്‍ 36 മുടിയിഴകളും മറുകൈയില്‍ നാല് മുടിയിഴകളുമാണ് ഉണ്ടായിരുന്നത്. ഇതാണ് കേസിൽ നിർണായക തെളിവായത്. കൊലപാതകത്തിന് ശേഷം രമാദേവിയുടെ കഴുത്തിലുണ്ടായിരുന്ന മാല ഇയാള്‍ ഊരി മാറ്റി.
മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടെന്ന് വരുത്തി തീര്‍ക്കാനായിരുന്നു അത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തില്‍ സമരം നടത്തിയപ്പോള്‍ കേസ് അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈംബ്രാഞ്ചിലേക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഇയാള്‍ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് സിഐ സുനില്‍ രാജും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസില്‍ ജനാര്‍ദ്ദനന്‍ നായര്‍ വലയിലായത്.