പത്തനംതിട്ട : ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തിയ സംഭവത്തിൽ ഉപഭോക്താവിന് ഹോട്ടലുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ.
ബിരിയാണി കഴിക്കുന്നതിനിടെ കുപ്പിച്ചില്ല് വായില്‍ തുളച്ചു കയറിയ ഉപയോക്താവ് നൽകിയ പരാതിയിലാണ് വിധി. 10,000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും ഹോട്ടല്‍ ഉടമ ഉപഭോക്താവിന് നല്‍കണം.
തിരുവല്ലയിലെ ഹോട്ടല്‍ എലൈറ്റ് കോണ്ടിനന്‍റലിനെതിരെ കോന്നി വകയാര്‍ കുളത്തുങ്കല്‍ വീട്ടില്‍ ഷൈലേഷ് ഉമ്മന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്.
കമ്മിഷന്‍ പ്രസിഡന്‍റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗങ്ങളായ എന്‍. ഷാജിത ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം.
Also read: സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രശ്രമം: എ.വിജയരാഘവൻ
ഷൈലേഷ് ഉമ്മൻ കുടുംബസമേതം ഹോട്ടലിലെത്തി ബിരിയാണി ഓർഡർ ചെയ്യുകയായിരുന്നു. കഴിച്ചുകൊണ്ടിരിക്കെ വായിൽ എന്തോ തുളച്ചുകയറി.ഇത് ബിയര്‍ കുപ്പിയുടെ പൊട്ടിയ ചില്ലാണെന്ന് കണ്ടെത്തി.
തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും വിവരം ഹോട്ടലുടമയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ സര്‍വ സാധാരണമാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.