പത്തനംതിട്ട : നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനെയും ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരനെയും തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലെ മജിസ്‌ട്രേറ്റിനെയും ടി.കെ റോഡില്‍ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രകാശിനെയുമാണ് തെരുവുനായ കടിച്ചത്. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട നഗരത്തിൽ ബുധനാഴ്‌ച രാത്രിയിലാണ് സംഭവം. രാത്രി ഒൻപത് മണിയോടെ പത്തനംതിട്ട മേലേവെട്ടിപ്രം പള്ളിക്ക് സമീപം വച്ചാണ് മജിസ്‌ട്രേറ്റിന് കടിയേറ്റത്. വലതുകാലില്‍ രണ്ടിടത്ത് കടിയേറ്റിട്ടുണ്ട്.
രാത്രി 9.30 ഓടെയാണ് നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രകാശിന് നായയുടെ കടിയേറ്റത്. ജ്വല്ലറിക്ക് മുന്നില്‍ കസേരയില്‍ ഇരിക്കുമ്പോൾ നായ ഓടിവന്ന് ആക്രമിക്കുകയായിരുന്നു.
തെരുവ് നായയുടെ കടിയേറ്റ ആട് ചികിത്സയിലിരിക്കെ ചത്തു
റാന്നി അങ്ങാടി വരവൂരില്‍ തിങ്കളാഴ്‌ച തെരുവ് നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ആട് ചികിത്സയിലിരിക്കെ ചത്തു. റാന്നി വരവൂര്‍ ചേലക്കാട്ടുതടം മംഗലത്തുകുളത്തില്‍ സുജ സ്റ്റീഫന്‍റെ മൂന്ന് ആടുകളെയാണ് കഴിഞ്ഞ ദിവസം എഴോളം നായകള്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആടാണ് ചെവ്വാഴ്‌ച രാവിലെ ചത്തത്.
ഈട്ടിച്ചുവട് ആശുപത്രിയില്‍ നിന്ന് ഡോക്‌ടര്‍ എത്തി പരിശോധന നടത്തി കുത്തിവയ്പ്പ് എടുത്തിരുന്നു. പേവിഷബാധയാണോ മരണ കാരണമെന്ന് വ്യക്തമല്ല. നായയുടെ ആക്രമണത്തിൽ ആടിന്‍റെ കഴുത്തിന് മുറിവേറ്റിരുന്നു.
തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് വീടിനുസമീപമുള്ള തോട്ടത്തില്‍ മേയാന്‍ വിട്ട നാല് ആടുകളില്‍ മൂന്നെണ്ണത്തിന് നായയുടെ കടിയേറ്റത്.