പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ (22.07.2022) മരിച്ച പത്തനംതിട്ട വനിത സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സിന്‍സി.പി.അസീസിനൊപ്പമുള്ള ഓര്‍മ പങ്കുവച്ച് പത്തനംതിട്ട ജില്ല കളക്‌ടര്‍ ദിവ്യ എസ് അയ്യര്‍. സിന്‍സിയുടെ ജീവിതം ധീരതയുടെയും കര്‍മനിരതയുടെയും പ്രതീകമായി എന്നും പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി തീരട്ടെ. നിറഞ്ഞ മനസോടെ പങ്കുവച്ച നിമിഷങ്ങളുടെ ഓര്‍മ്മ ഇന്ന് തീരാദുഃഖമായി അനുഭവപ്പെട്ടുവെന്നും കളക്‌ടര്‍ ഫേസ്‌ബുക്കിൽ കുറിച്ചു. രണ്ട് മാസം മുന്‍പ് സിൻസിയ്‌ക്കൊപ്പം സ്വയംരക്ഷ മുറകൾ അഭ്യസിയ്‌ക്കുന്ന ചിത്രമാണ് ദിവ്യ എസ് അയ്യര്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം: 'നിറഞ്ഞ മനസോടെ പങ്കുവച്ച നിമിഷങ്ങുടെ ഓർമ ഇന്ന് തീരാദുഃഖമായി അനുഭവപ്പെട്ടു. രണ്ടു മാസങ്ങൾക്ക് മുൻപ് പത്തനംതിട്ട ജില്ലയിലെ വനിത പൊലീസ് ഉദ്യോഗസ്ഥയായ സിൻസിയോടൊപ്പം സ്വയം പ്രതിരോധ പ്രകടനത്തിൽ മല്ലിട്ടു വനിതകൾ എന്ന സമഭാവനയിൽ ഞങ്ങൾ അഭിമാനിച്ചത് എന്നും ഓർമച്ചെപ്പിൽ കാത്തുസൂക്ഷിക്കും. അകാലത്തിൽ പൊലിഞ്ഞു പൊയ അവളുടെ ജീവിതം ധീരതയുടെയും കർമനിരതയുടെയും പ്രതീകമായി എന്നും പെൺകുട്ടികൾക്ക് പ്രചോദനമായി തീരട്ടെ!'.
- " class="align-text-top noRightClick twitterSection" data="">
ജൂലൈ 11ന് വൈകിട്ട് മൂന്നരയോടെ കുറിയാനിപ്പള്ളി കിടങ്ങന്നൂര്‍ റോഡില്‍ കീര്‍ത്തി സ്‌കൂട്ടര്‍ വര്‍ക്ക് ഷോപ്പിന് സമീപത്തുവച്ച് സിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാറുമായി ഇടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സിന്‍സിയുടെ രക്തം ധാരാളം നഷ്‌ടപ്പെട്ടു. ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നൽകി.
അപകടം പറ്റി വഴിയില്‍ കിടന്ന സിന്‍സിയെ ആശുപത്രിയില്‍ എത്തിക്കാനും വൈകിയിരുന്നു. ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനില്‍ നിന്നും പൊലീസുകാര്‍ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്തിനുള്ളിൽ ഒരുപാട് രക്തം വാര്‍ന്നു പോവുകയും രക്തസമ്മര്‍ദം ക്രമാതീതമായി താഴുകയും ചെയ്‌തു.
തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണം. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സെല്‍ഫ് ഡിഫന്‍സ് പരിശീലനത്തിന് നേതൃത്വം നൽകിയിരുന്നത് സിന്‍സിയായിരുന്നു.