പത്തനംതിട്ട: തീർഥാടന ലക്ഷങ്ങള്‍ക്ക് ദർശന പുണ്യം നൽകി പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞു. ഇരുമുടി ഏന്തി മല കയറിയ ഭക്തജന പ്രവാഹത്തിന് ദർശന പുണ്യം. പന്തളം കൊട്ടാരത്തിൽ നിന്നും എത്തിച്ച ആഭരണങ്ങൾ അണിയിച്ച് അയ്യപ്പനുള്ള ദീപാരാധന തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.
ശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തൊഴുകൈകളുമായി പതിനായിരങ്ങള്‍ ദർശന പുണ്യം നുകർന്നു. ബുധനാഴ്‌ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്‌ത്ര ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് വൈകീട്ട് ശരംകുത്തിയിലെത്തിയത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം അധികൃതർ തിരുവാഭരണങ്ങള്‍ സ്വീകരിച്ചു.
ശേഷം തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. തുടർന്ന് നടന്ന് ദീപരാധനയക്കിടയിലാണ് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിയിച്ചത്. നിയന്ത്രണങ്ങൾ പാലിച്ച് 75,000 തീർത്ഥാടകരെയാണ് സന്നിധാനത്ത് പ്രവേശിപ്പിച്ചത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളിൽ മകരജ്യോതി കാണാൻ സൗകര്യമൊരുക്കിയിരുന്നു.
ALSO READ കൊവിഡ് വ്യാപനം; സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും