ശബരിമല: ശബരീശന് സമർപ്പിക്കാൻ അത്യപൂര്‍വമായ സഹസ്രദള പത്മവുമായി ഭക്തനെത്തി. കൊല്ലം കൊട്ടാരക്കര സ്വദേശി കൈലാസാണ് സഹസ്രദള പത്മവുമായി ശബരീശ സന്നിധിയിൽ എത്തിയത്. ഭക്തരുടെ വിശ്വാസ പ്രകാരം ദേവി ദേവൻമാരുടെ ഇരിപ്പിടമാണ് സഹസ്രദള പത്മം. ആയിരം ഇതളുകളുള്ള താമരപ്പൂവ് അത്യപൂർവമായാണ് കാണുന്നത്.
മൂന്ന് പൂവുകളാണ് ഇതുവരെ വിരിഞ്ഞിട്ടുള്ളത്. മൂന്ന് ദിവസം മാത്രമാണ് താമര പൂവിന്റെ ആയുസ്. പൂവ് വിരിഞ്ഞ് തുടങ്ങിയപ്പോൾ മുതല്‍ അയ്യപ്പന്‍റെ മുന്നിൽ പൂവ് സമർപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും കൈലാസ് പറയുന്നു.
ഓൺലൈനായി വിത്ത് വാങ്ങി വീട്ടിൽ കൃഷി ചെയ്യുകയായിരുന്നു. ഗോമൂത്രം, ചാണകം, നെയ്യ്, പാൽ, തൈര് തുടങ്ങിയ പഞ്ചഗവ്യങ്ങളാണ് സഹസ്രദള പത്മത്തിന് വളമായി നല്‍കിയതെന്നും കൈലാസ് പറഞ്ഞു. സഹസ്രദളപുഷ്പം സമർപ്പിച്ച് അയ്യപ്പനെ തൊഴുതതിന്‍റെ സന്തോഷത്തിലാണ് കൈലാസ് മലയിറങ്ങിയത്.