പത്തനംതിട്ട: പന്തളത്ത് വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദന്ത ഡോക്‌ടർ അറസ്റ്റിൽ. ഓച്ചിറ ചൂനാട് ദന്തല്‍ ക്ലിനിക്ക് നടത്തുന്ന പന്തളം മങ്ങാരം പഞ്ചവടിയില്‍ ജി.അനിൽ (48)നെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്‌തത്. വീട് ശുചീകരിക്കാനായി വന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. ഞായറാഴ്‌ച രാവിലെയായിരുന്നു കേസിനാസ്‌പദമായ സംഭവം. അനിൽ തനിച്ച് താമസിക്കുന്ന വീട്ടിലേക്ക് സുഹൃത്തായ ഡോക്‌ടർ അവരുടെ വീട്ടിൽ ജോലിക്ക് വരുന്ന യുവതിയെ അനിലിന്‍റെ വീട് ശുചീകരിക്കാനായി പറഞ്ഞുവിട്ടു.
വീട്ടിലെത്തിയ യുവതിയെ അനിൽ മദ്യപിച്ച ശേഷം കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നാണ് പരാതി. യുവതി വീട്ടിൽ നിന്നും പുറത്തേക്കോടി രക്ഷപെടുകയായിരുന്നു.
അനിലിന്‍റെ വീട്ടിലേക്ക് പറഞ്ഞുവിട്ട ഡോക്‌ടറുടെ വീട്ടിലെത്തി യുവതി വിവരം പറഞ്ഞതിനെ തുടർന്ന് ചോദിക്കുന്നതിനായി അനിലിന്‍റെ വീട്ടിലെത്തിയ സുഹൃത്തിന്‍റെ സഹോദരനെ അനില്‍ മര്‍ദിക്കുകയും കാർ നശിപ്പിക്കുകയും ചെയ്‌തതായും പരാതിയുണ്ട്.
തുടർന്ന് യുവതി പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മദ്യലഹരിയിൽ സ്റ്റേഷനിലും ഇയാൾ അക്രമത്തിന് ശ്രമിച്ചു.
മൂന്നു പ്രാവശ്യം വിവാഹം കഴിച്ചിട്ടുള്ള ഇയാൾ ഇപ്പോൾ തനിച്ചാണ് താമസം. ഇയാളുടെ പീഡനം കാരണം ഭാര്യമാർ ബന്ധം വേർപിരിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എസ്‌എച്ച് എസ്.ശ്രീകുമാര്‍, എസ്‌ഐമാരായ സി കെ വേണു, ഡി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.