പത്തനംതിട്ട: ഇന്നലെ നടന്ന ഡിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി ആർ സോജിക്ക് മര്‍ദനമേറ്റതായി പരാതി. ഇത് സംബന്ധിച്ച് കെപിസിസിക്കും പത്തനംതിട്ട എസ്എച്ച്ഒയ്ക്കും പരാതി നൽകിയതായി വി ആർ സോജി അറിയിച്ചു. തട്ട ഹരികുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.
ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഡിസിസി എക്‌സിക്യൂട്ടീവ് യോഗം കെപിസിസി ജനറല്‍ സെക്രട്ടറി എം എ നസീറാണ് ഉദ്ഘാടനം ചെയ്‌തത്. ഇതിനിടെ തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് മുന്‍ ഡിസിസി പ്രസിഡന്‍റ് പി മോഹന്‍രാജ് മൈക്കെടുത്തു.
പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ മൈക്ക് തിരികെ വാങ്ങി, സംസാരിക്കാനുള്ള സമയം പിന്നീട് നല്‍കാമെന്ന് അറിയിച്ചു. ഇതിനു ശേഷം നേതൃത്വത്തെ വിമർശിച്ചുകൊണ്ട് മുന്‍ ഡിസിസി പ്രസിഡന്‍റുമാരായ അഡ്വ. കെ ശിവദാസന്‍ നായരും പി മോഹൻരാജും സംസാരിച്ചു. തുടർന്ന് പന്തളം തെക്കേക്കരയിൽ നിന്നുള്ള മഹിള കോൺഗ്രസ് നേതാവ് ലാലി ജോണ്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ സോജിയെ രൂക്ഷമായി വിമര്‍ശിച്ചു.
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഒരു തെരഞ്ഞെടുപ്പ് കേസില്‍ സിപിഎം നേതാവിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സോജിയാണെന്നും ആ വിവരം ചോദിച്ച തന്നെ അസഭ്യം പറഞ്ഞുവെന്നും ലാലി ആരോപിച്ചു. ഇതിന് മറുപടി നൽകാൻ തനിക്ക് അവസരം നൽകണമെന്ന് സോജി അറിയിച്ചു. ഇതനുസരിച്ച് വേദിയിലേക്ക് ചെന്നപ്പോൾ തട്ട ഹരികുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് സോജിയുടെ പരാതി.
ഇതിനിടെ യോഗത്തിൽ മുതിർന്ന നേതാവ് പി ജെ കുര്യനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നുവന്നു. ഇതോടെ ഡിസിസി ഓഫിസിന്‍റെ കതക് ചവിട്ടി പൊളിക്കാൻ ശ്രമിച്ചതിന് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌ത മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെതിരെ പി ജെ കുര്യൻ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാബു ജോർജ് പണം വാങ്ങിയാണ് സ്ഥാനാർഥികളെ നിർത്തിയതെന്ന ഗുരുതര ആരോപണമാണ് പി ജെ കുര്യൻ ഉന്നയിച്ചത്.
ജില്ലയിൽ പാർട്ടിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ബാബു ജോർജ് ഡിസിസി പ്രസിഡന്‍റായിരിക്കെ നടത്തിവന്നതെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പി ജെ കുര്യൻ നടത്തിയ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും.