പത്തനംതിട്ട : ശബരിമലയില്‍ കൊവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങള്‍ മണ്ഡലകാലത്ത് പൂര്‍ണമായി നീക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് എന്‍.വാസു. സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പടെ പിന്‍വലിയ്ക്കും. നിലയ്ക്കലിലടക്കം സ്പോട്ട് വെര്‍ച്വല്‍ ക്യൂ രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ALSO READ:തുലാവര്‍ഷം : സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം
നിലവില്‍ ശബരിമലയില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. 25,000 പേരെ മാത്രമാണ് ദര്‍ശനത്തിനായി പ്രതിദിനം അനുവദിക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവരെയാകും മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിപ്പിക്കുക. പമ്പയില്‍ സ്‌നാനത്തിനും വിലക്കുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
ഉച്ചയ്ക്ക് ശേഷം സന്നിധാനത്ത് എത്തുന്നവര്‍ക്ക് നെയ് തേങ്ങകള്‍ കൗണ്ടറുകളില്‍ നല്‍കി പകരം അഭിഷേകം ചെയ്ത നെയ് വാങ്ങാവുന്നതാണെന്നും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു.