പത്തനംതിട്ട: കൊവിഡ് മൂന്നാം തരംഗത്തിന്‍റെയും ഒമിക്രോണ്‍ വ്യാപനത്തിന്‍റെയും പശ്ചാത്തലത്തില്‍ മകര ജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നീ കാര്യങ്ങളില്‍ സൂക്ഷ്‌മത പുലര്‍ത്തണമെന്നും പൊലീസ് ഇത് ഉറപ്പുവരുത്തുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
മകര ജ്യോതി ദര്‍ശന സൗകര്യമുള്ള സ്ഥലങ്ങളായ പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, അട്ടത്തോട് പടിഞ്ഞാറേ കോളനി, അട്ടത്തോട്, ഹില്‍ടോപ്പ്, പാണ്ടിത്താവളം എന്നിവിടുങ്ങളില്‍ എത്തുന്ന അയ്യപ്പഭക്തര്‍ തിരക്കുകൂട്ടാതെയും കൊവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ചും സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
READ MORE: സന്നിധാനം മകരവിളക്കിന് ഒരുങ്ങി, തിരുവാഭരണ ഘോഷയാത്രയ്ക്ക് നാളെ (12.01.22) തുടക്കം
സുഗമമായ മകരജ്യോതി ദര്‍ശനം ഉറപ്പാക്കാനും, അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും, ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും പൊലീസ് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തപ്പെട്ട സ്ഥലങ്ങളിലും, ജില്ലയിലാകെയും പൊലീസിനെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.