പത്തനംതിട്ട : ആറന്മുളയിൽ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിന്‍റെ ജാമ്യാപേക്ഷയാണ് പ്രിൻസിപ്പൽ സെഷന്‍സ് കോടതി തള്ളിയത്.
2020 സെപ്റ്റംബര്‍ ആറിനാണ് സംഭവം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും പന്തളത്തെ സിഎഫ്എല്‍ടിസിയില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ കനിവ് പദ്ധതിയുടെ ഭാഗമായ 108 ആംബുലന്‍സില്‍ കയറ്റിവിട്ട പെണ്‍കുട്ടിയെ ആറന്മുള ഭാഗത്തെ ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് പ്രതി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി. 2020 സെപ്‌റ്റംബര്‍ മുതല്‍ പ്രതി ജയിലിലാണ്. കേസില്‍ 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥ പ്രകാരം വിചാരണ മുഴുവന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടർന്ന് വിചാരണ സ്റ്റേ ചെയ്യുകയായിരുന്നു.
ഇതിനിടെയാണ് പ്രതി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. വിശദമായി വാദം കേട്ട ശേഷം കോടതി ജാമ്യാപേക്ഷ തള്ളുകയയിരുന്നു.
Also Read: 13കാരന് പീഡനം ; ഡോ.ഗിരീഷിന് ആറ് വർഷം കഠിന തടവും പിഴയും