പത്തനംതിട്ട: കൊവിഡ് പ്രതിരോധത്തിന് കൈകൾ വൃത്തിയാക്കാൻ കാലുകൊണ്ട് പ്രവൃത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്പെൻസറുമായി യുവ എഞ്ചിനീയർ. പൊതുസ്ഥലങ്ങളിലും പൊതു സ്ഥാപനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന സാനിറ്റൈസർ ഡിസ്പെൻസറാണ് കൊച്ചിൻ സർവ്വകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശ്യാം മോഹൻ വികസിപ്പിച്ചെടുത്തത്.
കൈകളുടെ ശുചിത്വത്തിന് നിർണായക പ്രാധാന്യമുള്ളതിനാൽ കരസ്‌പർശം ഏൽക്കാതെ സാനിറ്റൈസർ ഉപയോഗിക്കാൻ ശ്യാംമോഹൻ വികസിപ്പിച്ചെടുത്ത ഡിസ്പെൻസറിനാകുമെന്നതാണ് പ്രത്യേകത. കുളനട ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഈ ഡിസ്പെൻസർ കഴിഞ്ഞ ദിവസം സ്ഥാപിച്ചു. ഒരു ലിറ്റർ സാനിറ്റെസർ നിറക്കാനുള്ള ശേഷി ഡിസ്പെൻസറിൻ്റെ ടാങ്കിനുണ്ട്.
ഒന്നര മീറ്റർ ഉയരമുള്ള ഡിസ്പെൻസറിൻ്റെ അടിഭാഗത്തുള്ള ലിവറിൽ കാൽ ഉപയോഗിച്ച് അമർത്തിയാൽ കൈകളിലേക്ക് സാനിറ്റെസർ ലഭ്യമാകും. ഡിസ്പെൻസർ സ്ഥാപിക്കുന്നതിന് കുറഞ്ഞ സ്ഥലം മാത്രം മതിയെന്നതും പ്രത്യേകതയാണ്. സ്റ്റീലിൽ നിർമ്മിക്കപ്പെട്ട ഫ്രെയിമിലാണ് പിവിസി നിർമ്മിതമായ സാനിറ്റൈസർ ടാങ്കും സ്പ്രേയറും സ്ഥാപിച്ചിരിക്കുന്നത്.
1695 രൂപ മാത്രം വിലയുള്ള ഡിസ്പെൻസർ കൊവിഡ് കാലത്ത് കരസ്‌പർശം ഏൽക്കാതെ സാനിറ്റൈസർ ഉപയോഗിക്കാനുള്ള നല്ല മാർഗമാണെന്ന് കുളനട പഞ്ചായത്ത് പ്രസിഡൻ്റ് അശോകൻ കുളനട പറഞ്ഞു. തിരക്കേറിയ പൊതുസ്ഥലങ്ങൾ ഓഫീസുകൾ ബാങ്കുകൾ എടിഎമ്മുകൾ ഹോട്ടലുകൾ തുണിക്കടകൾ തുടങ്ങി പൊതുജനങ്ങൾ ഏറെ വരുന്ന സ്ഥലങ്ങളിൽ ഉപയോഗപ്രദമാണ് സാനിറ്റെസർ ഡിസ്പെൻസറെന്ന് ശ്യാംമോഹൻ പറഞ്ഞു.
2007ൽ കൊച്ചിൻ സർവ്വകലാശാല സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നും ബിരുദം നേടിയ പഴകുളം സ്വദേശിയായ ശ്യാം മോഹൻ പ്രകൃതി ഇൻഫ്രാസ് സ്ട്രക്‌ചർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ സിഇഒ കൂടിയാണ്. 2019 ജനുവരിയിൽ സ്റ്റാർട്ടപ്പ് ആയി ആരംഭിച്ച കമ്പനി ഒക്ടോബറിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറി. പഴകുളം ആലുംമൂട് പി.ശശിധരൻ നായരുടെയും ലളിതാകുമാരി അമ്മയുടെയും മകനാണ് ശ്യാം മോഹൻ.