പത്തനംതിട്ട: കോടതി മുറിയില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. അടൂർ തെങ്ങമം സ്വദേശി രമണനെയാണ് (57) പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ജഡ്‌ജി സൈമ പിഎസ് വെറുതെ വിട്ടു കൊണ്ട് ഉത്തരവിട്ടത്.
2013 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അബ്‌കാരി കേസില്‍ വിചാരണ നേരിട്ട പ്രതിയെ ആ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ട് പത്തനംതിട്ട അഡീഷണല്‍ ജില്ല കോടതി ശിക്ഷ വിധിച്ചു. തുടര്‍ന്ന് പ്രതി കയ്യിലൊളിപ്പിച്ചിരുന്ന കുപ്പിയില്‍ നിന്ന് പെട്രോള്‍ തലവഴി ഒഴിയ്ക്കുകയും തീപ്പെട്ടി ഉരച്ചു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയുമായിരുന്നു.
കോടതി ജീവനക്കാരും പൊലീസുകാരും ഇടപെട്ട് ബലപ്രയോഗത്തിലൂടെ പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു. കോടതി ബഞ്ച് ക്ലാര്‍ക്കിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസ് ആത്മഹത്യ ശ്രമത്തിനും കോടതി മുറിയില്‍ തീപിടിത്തം ഉണ്ടാക്കി കോടതി മുറിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലും മറ്റും നശിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി പ്രവര്‍ത്തിച്ചതിനും, കേസെടുക്കുകയായിരുന്നു.
ഈ കേസിലാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.
Also read: പൊലീസിനെ ആക്രമിച്ച കേസ്; പ്രതി വീണ്ടും പൊലീസിനെ മർദിച്ച് രക്ഷപ്പെട്ടു