പത്തനംതിട്ട: തിരുവല്ല നിരണത്ത് കോൺഗ്രസ് ആസ്ഥാന മന്ദിരം അടിച്ചു തകർത്തു. ഇലഞ്ഞിക്കൽ ജംഗ്ഷന് സമീപമുള്ള കോൺഗ്രസ് നിരണം മണ്ഡലം കമ്മിറ്റി ഓഫീസാണ് അടിച്ചു തകർത്തത്. ചൊവ്വാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കോൺഗ്രസ് പാർട്ടി സ്ഥാപിച്ചിരുന്ന സ്മൃതി മന്ദിരങ്ങളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടതായി പരാതിയുണ്ട്.
ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കെപിസിസി നിർവാഹക സമിതിയംഗം പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ആരോപിച്ചു. ഇത് സംബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു.