പത്തനംതിട്ട: തിരുവല്ല നഗരസഭാ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിന് അവകാശപ്പെട്ട വൈസ് ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് (എം)ന് അടിയറവ് വെച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിക്ഷേധം ശക്തമാകുകയാണ്. കോൺഗ്രസ് പാർട്ടിയെ ഡി സി സി പ്രസിഡന്‍റ് പരസ്യമായി തൂക്കി വിൽക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് ഐ വിഭാഗവും രംഗത്തെത്തി. ബുധനാഴ്‌ച നടന്ന തിരുവല്ല നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമായത്. കോൺഗ്രസ് അംഗവും വൈസ് ചെയർപേഴ്‌സണുമായിരുന്ന അനു ജോർജ് രാജി വെച്ചൊഴിഞ്ഞ സീറ്റിലേക്ക് കോൺഗ്രസ് പാർലമെന്‍ററി പാര്‍ട്ടി തീരുമാനപ്രകാരം കോണ്‍ഗ്രസിലെ തന്നെ സുജാ മാത്യുവിന് വോട്ട് ചെയ്യണമെന്ന് കാട്ടി ഡി സി സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അംഗങ്ങൾക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുൻ എം പി യും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ഡി സി സി പ്രസിഡന്‍റ് ബാബു ജോർജും ചേർന്ന് നടത്തിയ ഒത്തുകളിയിലൂടെ പറഞ്ഞുറപ്പിച്ച വൈസ് ചെയർപേഴ്‌സൺ സ്ഥാനം സുജാ മാത്യൂവിന് നഷ്ടമാക്കിയെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്.
കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ കിട്ടിയ വൈസ് ചെയര്‍മാന്‍ സ്ഥാനം പെയ്‌മെന്‍റ് സീറ്റാണെന്ന ആരോപണവും ഉയരുന്നുണ്ട് . തിങ്കളാഴ്‌ച രാത്രി വിപ്പ് മരവിപ്പിച്ചതായി ഡി സി സി പ്രസിഡന്‍റ് ഫോണിൽ വിളിച്ച് അംഗങ്ങളെ വാക്കാല്‍ അറിയിക്കുകയായിരുന്നു.കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സുജാ മാത്യുവിനെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ നടത്തിയ നീക്കവും ഡി സി സി പ്രസിഡന്‍റ് തടഞ്ഞു. ബുധനാഴ്‌ച രാവിലെ 10 മണിക്കാണ് കേരളാ കോണ്‍ഗ്രസിലെ റീനാ മാത്യൂ ചാലക്കുഴിക്ക് വോട്ട് ചെയ്യണമെന്ന് ഡി സി സി നിര്‍ദ്ദേശം കോൺഗ്രസ് അംഗങ്ങൾക്ക് ലഭിച്ചത്. തുടര്‍ന്ന് എല്ലാ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ഒപ്പും ഡി സി സി നിര്‍ബന്ധപൂര്‍വ്വം വാങ്ങി. ഈ ഒപ്പ് ശേഖരണം വിപ്പ് മരവിപ്പിച്ചെന്നുള്ള ഡിസിസി പ്രസിഡന്‍റിന്‍റെ വാക്കാലുള്ള നിര്‍ദ്ദേശത്തിനെതിരെ പരാതി പോകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നുവെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ ആരോപണം.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്, ഡിസിസി പ്രസിഡന്‍റ്, കേരളാ കോണ്‍ഗ്രസിലെ ജില്ലയിലെ നേതാവും തമ്മിലുള്ള ചില ഇടപാടുകളാണ് കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്ന വൈസ് ചെയര്‍മാന്‍ സ്ഥാനം കോൺഗ്രസിന് നഷ്ടമാക്കാൻ ഇടയാക്കിയതെന്നും ഒരു വിഭാഗം നേതാക്കൾ തുറന്നു സമ്മതിക്കുന്നു. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനും അസംബ്ലി തെരഞ്ഞെടുപ്പിലും ഈ വില്‍പനയുടെ പ്രതിഫലനം ഉറപ്പായും ഉണ്ടാകുമെന്നുമാണ് കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം. വൈസ് ചെയർപേഴ്‌സൺ സ്ഥാനം കോൺഗ്രസിന് നഷ്ടമായ സാഹചര്യം സംബന്ധിച്ച് കെ.പി.സി.സി അന്വേഷിക്കണമെന്ന ആവശ്യവുമായി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി രംഗത്തെത്തി. ഇതിനിടെ കോൺഗ്രസ് പാർട്ടിക്ക് നാണക്കേടുണ്ടാക്കും വിധമുള്ള നീക്കങ്ങൾ നടത്തിയ ഡി സി സി പ്രസിഡന്‍റ് ബാബു ജോർജിനെ കോൺഗ്രസ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ 17, 18 വാർഡുകളിൽ ഞായറാഴ്‌ച നടത്താനിരുന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്‍റെ ഉദ്ഘാടക സ്ഥാനത്ത് നിന്നും നീക്കിയതായി പ്രസിഡന്‍റ് അജി തമ്പാൻ, ബ്ലോക്ക് പ്രസിഡന്‍റുമാരായ രതീഷ് പാലിയിൽ , ബിജി മോൻ ചാലാക്കേരി എന്നിവർ അറിയിച്ചു.