പത്തനംതിട്ട : അമേരിക്കയിൽ വിസ വാഗ്‌ദാനം ചെയ്‌ത് നാൽപ്പത്തഞ്ച് പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ തട്ടിയെടുത്തതായി പരാതി. പരാതിക്കാർ ചേർന്ന് രൂപം നൽകിയ ആക്ഷൻ കൗൺസിലിന്‍റെ ഭാരവാഹികൾ പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ ബാബു ജോണ്‍, സഹായിയായ എരുമേലി സ്വദേശി ജയചന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി. ജോലി വാഗ്‌ദാനം നല്‍കി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 45 പേരില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത് പാസ്റ്റര്‍ മുങ്ങിയെന്നാണ് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളുടെ ആരോപണം.
സംഭവത്തില്‍ തിരുവല്ല, കോട്ടയം, കടത്തുരുത്തി, ഈരാറ്റുപേട്ട, കുണ്ടറ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നും പൊലീസിന്‍റെ അനാസ്ഥ തുടരുന്നതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തകരെന്ന പേരില്‍ അമേരിക്കയില്‍ എത്തിക്കാമെന്നും പിന്നീട് വിവിധ സ്ഥാപനങ്ങളിലായി ജോലി വാങ്ങി നല്‍കാമെന്നുമായിരുന്നു ബാബു ജോണ്‍ വാഗ്‌ദാനം ചെയ്‌തത്. കൊല്ലം ചവറ സ്വദേശിനി സ്‌മിത 5 ലക്ഷം രൂപയോളം പാസ്റ്ററിന് നൽകി. തുടർന്ന് പലിശ കൊടുക്കാന്‍ നിര്‍വാഹമില്ലാതെ 2021ല്‍ സ്‌മിത ആത്മഹത്യ ചെയ്‌തു.
തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ മാർച്ച് 17ന് പാസ്റ്ററുടെ തിരുവല്ലയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സൺ ഉഷാകുമാരി, ജനറല്‍ കണ്‍വീനര്‍ ശിവപ്രസാദ്, ജിഷ്‌ണു വിജയന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.