പത്തനംതിട്ട: സുഹൃത്തുമൊത്ത് മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തലവടിയില്‍ നാരകത്തറമുട്ട് തടത്തിൽ സജി-ജിഷ ദമ്പതികളുടെ മകൻ ജെയ്‌സൺ(21)ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ് 3.30ന് തലവടി പുരയ്ക്കൽ കടവിന് സമീപത്തായിരുന്നു സംഭവം. സുഹൃത്തായ രോഹിത്തുമൊത്ത് കുളിക്കാനെത്തിയതാണ് ജെയ്‌സൺ. ആറ്റിന് കുറുകെ ഇരുവരും നീന്തിയെങ്കിലും ഇടയ്ക്ക് വെച്ച് ജെയ്‌സണിന്‍റെ കാൽ കുഴഞ്ഞ് ആഴത്തിലേക്ക് മുങ്ങുകയായിരുന്നു.
രോഹിത്തിന്‍റെ അലർച്ച കേട്ട് സമീപവാസികൾ ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരുവല്ലയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മല്ലപ്പള്ളി മാർ ഇവാനിയോസ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിയാണ് ജെയ്‌സൺ. ഏക സഹോദരൻ ജെസ്‌വിൻ.