പത്തനംതിട്ട: പത്തനംതിട്ടയിൽ ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി മന്ത്രി കെ രാജുവിന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മഴക്കാലത്തിന് മുന്നോടിയായി ജലസ്രോതസുകൾ ശുചിയാക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
മഴക്കാല പ്രവർത്തന പരിപാടികൾ നടപ്പിലാക്കുന്നതിന് ശുചിത്വമിഷൻ, എൻആർഎച്ച്എം, പഞ്ചായത്ത് മുഖേന 25000 രൂപ ഓരോ വാർഡിലേക്കും അനുവദിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ലഘുലേഖകൾ വിതരണം ചെയ്യും. സർക്കാർ ഓഫീസുകളില്‍ ആഴ്ചയിലൊരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കും. ശുദ്ധജല വിതരണത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് കലക്ടറേറ്റിൽ നിന്നും സമയബന്ധിതമായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എഡിഎം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് സെക്രട്ടറിമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഈ മാസം 10, 11 തീയതികളില്‍ കലക്ടറുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരാനും തീരുമാനമായി.