പത്തനംതിട്ട: കല്ലട ഇറിഗേഷന്‍ പദ്ധതിക്കായി 33 വർഷം മുൻപ് സ്ഥലം ഏറ്റെടുത്തതിന്‍റെ കുടിശിക നൽകാത്തതിൽ പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകള്‍ കോടതി ജപ്‌തി ചെയ്തു. കസേരകൾ പോയതോടെ ട്രഷറി ജീവനക്കാർക്ക് നിന്ന് ജോലി ചെയ്യേണ്ടിവന്നു.
കല്ലട ഇറിഗേഷന്‍ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരിഹാരമായി മുഴുവന്‍ പണവും നല്‍കാത്തതിനാണ് പത്തനംതിട്ട സബ്കോടതി ഉത്തരവ് പ്രകാരം ബുധനാഴ്‌ച പത്ത് കസേരകള്‍ ജപ്‌തി ചെയ്‌തത്. ജപ്‌തി ചെയ്‌ത കസേരകള്‍ സബ് കോടതിയില്‍ ഹാജരാക്കി.
20 ജീവനക്കാരാണ് സബ് ട്രഷറിയിലുള്ളത്. കമ്പ്യൂട്ടറുകളും ജപ്‌തി ചെയ്യുമെന്ന് ഉത്തരവില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. പന്തളം തോന്നല്ലൂര്‍ രവിമംഗലത്ത് വീട്ടില്‍ ഓമന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
1988ല്‍ ഏറ്റെടുത്ത 13 സെന്‍റ് ഭൂമിക്ക് ഹൈക്കോടതി അനുവദിച്ച നഷ്‌ടപരിഹാരത്തുക മുഴുവനായി നല്‍കിയില്ലെന്നാണ് പരാതി. നാല് കമ്പ്യൂട്ടറുകളും അഞ്ച് കസേരകളും ജപ്‌തി ചെയ്യാനായിരുന്നു കോടതി നിര്‍ദേശം. ഏറ്റെടുത്ത ഭൂമിക്ക് നഷ്‌ടപരിഹാരമായി 1,0,4000 രൂപ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ 76,384 രൂപ ബാക്കി ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സബ് കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ കസേരകള്‍ ജപ്‌തി ചെയ്‌തതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ സംഘ് ന്‍റെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി.
Also Read: ഇരു സംസ്ഥാനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് എം.കെ സ്റ്റാലിൻ