പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേൽപ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്‌ടമി രോഹിണി വള്ളസദ്യ എന്നിവ നടത്താൻ തീരുമാനമായി.
തിരുവോണത്തോണി ഓഗസ്റ്റ് 30ന് വൈകിട്ട് കാട്ടൂർ മഹാവിഷ്‌ണു ക്ഷേത്രക്കടവിൽ നിന്ന് മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ 20 പേരെ ഉൾപ്പെടുത്തി വരവേൽപ്പ് ആരംഭിക്കും. തിരുവോണ സദ്യക്കാവശ്യമായ സാധനങ്ങളുമായി പുറപ്പെട്ട് ഓഗസ്റ്റ് 31ന് പുലർച്ചെ ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരും. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി പള്ളിയോടത്തിൽ 24 പേർക്ക് അനുമതി നൽകി. ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബർ നാലിന് രാവിലെ ചടങ്ങുകൾ മാത്രമായി നടത്തും. സെപ്റ്റംബർ പത്തിന് രാവിലെ അഷ്‌ടമി രോഹിണി വള്ളസദ്യയിൽ 32 പേരെ ഉൾപ്പെടുത്തി ചടങ്ങുകൾ പരിമിതപ്പെടുത്തി നടത്താനും യോഗത്തിൽ തീരുമാനമായി. വള്ളസദ്യ പരിമിതമായ ചടങ്ങുകളോട് കൂടി നടത്തുന്നത് സംബന്ധിച്ച് അന്നത്തെ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു.
വീണാ ജോർജ് എംഎൽഎ, ജില്ലാ കലക്‌ടർ പി.ബി നൂഹ് എന്നിവരുടെ നേതൃത്വത്തിൽ പള്ളിയോട സേവാസംഘം പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേർന്ന വീഡിയോ കോൺഫറൻസിങ്ങിലാണ് തീരുമാനമായത്.