പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ശബരിമലക്കാലം കൂടി മുന്നില്‍ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തില്‍ സജ്ജമാക്കുന്നത്.
അതോടൊപ്പം മൂന്ന് മാസത്തിനകം ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാനും എത്രയും വേഗം ആശുപത്രി വികസന സമിതി രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
നിലവിലുള്ള സംവിധാനം വര്‍ധിപ്പിക്കും
കോന്നി മെഡിക്കല്‍ കോളജിലെ നിലവിലെ പ്രവര്‍ത്തനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യുന്നതിനു കൂടിയ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മെഡിക്കല്‍ കോളജിലെ നിലവിലുള്ള സംവിധാനം വര്‍ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഒ.പി സംവിധാനം ശക്തപ്പെടുത്തിയ ശേഷം അത്യാഹിത വിഭാഗം, ഐസിയു സംവിധാനം, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയും സജ്ജമാക്കും. വര്‍ക്കിങ് അറേഞ്ച്‌മെന്‍റില്‍ പോയ ജീവനക്കാരെ തിരിച്ചുവിളിക്കാനും കരാര്‍ അടിസ്ഥാനത്തിലും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയും ജീവനക്കാരെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി.
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിഭാഗം ആരംഭിക്കാനും അടിയന്തിരമായി പീഡിയാട്രിക് ഐ.സി.യു സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: ഒറ്റമര വേരിൽ ശില്‍പ്പം ; 14 രൂപങ്ങളൊരുക്കി സതീശന്‍
എംബിബിഎസ് കോഴ്‌സിന് ആവശ്യമായ നടപടികൾ സ്വീകരിക്കും
ആശുപത്രിയിലെ സ്വീവേജ് ട്രീറ്റിംഗ് പ്ലാന്‍റ്, ഫയര്‍ ടാങ്ക് എന്നിവ സജ്ജമാക്കാനുള്ള ഫണ്ട് കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
എംബിബിഎസ് കോഴ്‌സ് തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ലോക്ക്ഡൗണ്‍ മാറിയാലുടന്‍ മെഡിക്കല്‍ കോളജില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനമായി.