പത്തനംതിട്ട: ഒരുകാലത്ത് കേരളത്തിലെ തെരുവോരങ്ങളില്‍ ഗ്രാമ നഗര ഭേദമന്യേ കേട്ടുകൊണ്ടിരുന്നതാണ് കാളവണ്ടികളുടെ ശബ്ദം. ഒരു യുഗത്തിന്‍റെ പ്രൗഢിയുടെയും അന്തസിന്‍റെയും ആഭിജാത്യത്തിന്‍റെയും പ്രതീകമായിരുന്ന ഒരു കാലം ഈ കാളവണ്ടികൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്നവ ഏറെക്കുറെ ഇല്ലാതായെന്നു പറയാം. അതേസമയം തന്നെ നാമാവശേഷമായെന്നു പറയാനും വയ്യ.
കാറും ലോറിയും ജീപ്പും നിരത്തുകളില്‍ സജീവമാവുന്ന കാലഘട്ടത്തിനുമുമ്പ് തെരുവോരങ്ങള്‍ കയ്യടക്കിയിരുന്ന വാഹനമാണ് കാളവണ്ടി. ഇന്ന് വീടുകള്‍ക്ക് മുമ്പില്‍ വിവിധ തരത്തിലുള്ള കാറുകളും, ഇരുചക്ര വാഹനങ്ങളും അന്തസിന്‍റെ പ്രതീകമായി നിര്‍ത്തുന്നതുപോലെ ഒരുകാലത്ത് കാളവണ്ടിക്കായിരുന്നു ഈ സ്ഥാനം. ഗ്രാമങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ അന്നത്തെ ചെറുനഗരങ്ങളിലേക്കെത്തിക്കുകയും അവിടെ നിന്നും പലചരക്കു സാധനങ്ങളും മറ്റും തിരിച്ചെത്തിക്കുകയുമായിരുന്നു കാളവണ്ടിയുടെ പ്രധാന ജോലി.
പുതിയ സിനിമകള്‍ റിലീസാകുന്ന ദിവസം അതിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നതും കാളവണ്ടികളെയാണ്. എന്തിനധികം വിവാഹം തുടങ്ങിയ മംഗളാവസരങ്ങളില്‍ പോലും കാളവണ്ടിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. കാലം മാറി കഥ മാറി, ഇന്ന് അപൂർവ്വമായേ ഇവനിരത്തുകളിൽ കാണാറുള്ളൂ. ഇപ്പോൾ ഇവ കാണണമെങ്കിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ തമിഴ്നാട്ടിലെ ഏതെങ്കിലും ഗ്രാമങ്ങളിലോ പോകണം.