പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിൽ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. റിസർവോയറിലെ ജലനിരപ്പ് വെള്ളിയാഴ്‌ച പുലർച്ചെ 973.75 മീറ്ററിൽ എത്തിയതിനെ തുടർന്നാണ് നീല അലർട്ട് പ്രഖ്യാപിച്ചത്.
കക്കി-ആനത്തോട് റിസര്‍വോയറിന്‍റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാൽ 2022 ജൂലൈ 31 മുതൽ ഓഗസ്റ്റ് 10 വരെയുള്ള കാലയളവിൽ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75 മീറ്റര്‍ ആണ്.
റിസർവോയറിന്‍റെ ജലനിരപ്പ് 973.75 മീറ്റര്‍, 974.75മീറ്റര്‍, 975.25 മീറ്റര്‍ എന്നിങ്ങനെ എത്തിച്ചേരുമ്പോഴാണ് യഥാക്രമം നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്.
നീല അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പമ്പ നദിയുടെയും കക്കാട്ടാറിന്‍റെയും ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.