പത്തനംതിട്ട: നെഞ്ചു വേദനയെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു ഉപരോധം.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കലശലായ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെരിങ്ങര സ്വദേശിയായ യുവാവിനാണ് ഡ്യൂട്ടി ഡോക്റുടെ അലംഭാവം മൂലം ചികിത്സ നിക്ഷേധിക്കപ്പെട്ടത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ മുക്കാൽ മണിക്കൂറോളം പിന്നിട്ടിട്ടും ഡ്യൂട്ടി ഡോക്ടർ പ്രാഥമിക പരിശോധന നടത്താൻ പോലും തയാറായില്ലെന്നാണ് പരാതി .
ഇ സി ജി എടുത്ത ശേഷവും യുവാവിനെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഡോക്ടറെ സമീപിച്ചു. എന്നാൽ എത്തിക്കോളാം എന്ന മറുപടി നൽകി തിരിച്ചയക്കുകയായിരുന്നു. തുടർന്ന് പത്തേമുക്കാലോടെ എത്തിയ ഡോക്ടർ ഇ സി ജി റിപ്പോർട്ട് നോക്കാൻ പോലും തയാറാകാതെ തിങ്കളാഴ്ച ഒ പി യിൽ എത്തി ഫിസിഷ്യനെ കാണാൻ നിർദേശിച്ച് മടങ്ങുകയായിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് സംബന്ധിച്ച് യുവാവ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതിയും നൽകിയിരുന്നു. ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്‍റ് അഡ്വ. ശ്യാം മണിപ്പുഴയുടെ നേതൃത്വത്തിലാണ് ആശുപത്രി സൂപ്രണ്ട് അജയ് മോഹനെ ഉപരോധിച്ചത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന സൂപ്രണ്ടിന്‍റെ ഉറപ്പിന്മേൽ 12 മണിയോടെ ഉപരോധം അവസാനിപ്പിച്ചു