പത്തനംതിട്ട : ലോക്ക് ഡൗണില്‍ അനധികൃത വിദേശമദ്യവിൽപ്പന നടത്തിയ കേസിൽ ബിജെപി- യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. ബിജെപി ഇരവിപേരൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി തിരുവല്ല ഈസ്റ്റ് ഓതറ വേട്ടക്കുന്നേൽ വീട്ടിൽ സുനിൽ ( 37 ), യൂത്ത് കോൺഗ്രസ് ഭാരവാഹിയായ ചെങ്ങന്നൂർ പുത്തൻ കാവ് കൊച്ചുപ്ലാം മോടിയിൽ ഗോപു (21) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട എസ്‌പി കെജി സൈമണിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഓതറ പഴയകാവ് ജംഗ്‌ഷന് സമീപത്ത് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലുള്ള അര ലിറ്ററിന്‍റെ ഒമ്പത് കുപ്പി മദ്യം കണ്ടെത്തിയത്. അര ലിറ്റർ മദ്യം 1500 രൂപ നിരക്കിലായിരുന്നു ഇവർ വിറ്റഴിച്ചിരുന്നത്. മദ്യക്കച്ചവടത്തിലെ മുഖ്യസൂത്രധാരന്‍ ചെങ്ങന്നൂരിലെ ഒരു മൊബൈല്‍ ഷോപ്പ് ഉടമയാണെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇയാള്‍ക്കെതിരേയും കേസ് എടുത്തു. ലോക്ക് ഡൗൺ കാലയളവിൽ നിരവധി തവണ ഇവര്‍ മദ്യം കടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവല്ല സി.ഐ പി.എസ് വിനോദ്, ഷാഡോ എസ്ഐ ആർ.എസ് രഞ്ജു, എസ്ഐ മാരായ സലിം, എം.ആർ സുരേഷ്, ഉണ്ണി, എഎസ്ഐ സാബു , സിപിഒ മാരായ അരുൺ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.