പത്തനംതിട്ട: തിരുവല്ലയിൽ നരബലിയ്ക്ക് ശ്രമമെന്ന് ആരോപണം. ഇലന്തൂര്‍ നരബലിയുടെ ഞെട്ടലിൽ നിന്നും കേരളം മുക്തമാകും മുൻപ് തിരുവല്ല കുറ്റപ്പുഴയിലെ വാടക വീട്ടിലാണ് ആഭിചാര ക്രിയകൾ നടന്നതായി പരാതിയുള്ളത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയിൽ നിന്നും രക്ഷപ്പെട്ടതിനെ തുടര്‍ന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഡിസംബർ എട്ടിനായിരുന്നു സംഭവം. ഭര്‍ത്താവുമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞാണ് കുടക് സ്വദേശിയായ യുവതിയെ ഇടനിലക്കാരിയായ അമ്പിളി തിരുവല്ലയിലെ വീട്ടിലെത്തിച്ചത്. അന്ന് രാത്രി തന്നെ മന്ത്രവാദി ഒരു ഓട്ടോയില്‍ വീട്ടിലെത്തി. ശേഷം, മുറിയിൽ കളംവരച്ച് മന്ത്രവാദത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തി. തുടർന്ന്, യുവതിയുടെ കഴുത്തിൽ പൂമാല അണിയിച്ചു.
ഇതിനുശേഷം മന്ത്രവാദി വാളെടുത്തു. ഇതുകണ്ട് ഭയന്ന യുവതി, എന്തിനാണെന്ന് ചോദിച്ചപ്പോള്‍ നിന്നെ ബലി നൽകാൻ പോവുകയാണെന്നും ഇങ്ങനെ ചെയ്‌താലേ പ്രശ്‌നങ്ങൾ മാറുകയുള്ളൂവെന്നും പറഞ്ഞതായി യുവതി വെളിപ്പെടുത്തി. ഈ സമയം വീടിന് പുറത്ത് അമ്പിളിയുടെ പരിചയക്കാരന്‍ എത്തി ബെല്ലടിച്ചു. അപകടം മനസിലാക്കിയ യുവതി പൂജകള്‍ നടത്തിയ മുറിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
'എത്താന്‍ പറഞ്ഞത് 20,001 രൂപയുമായി': ഇവിടെ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് പ്രദേശത്തുണ്ടായിരുന്ന ആളുടെ അടുത്ത് യുവതി അപേക്ഷിച്ചു. തുടർന്ന്, അയാളുടെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് തിരുവല്ല പൊലീസ് എഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അമ്പിളി തിരുവല്ല സ്വദേശിയാണ്. ഇവർ നർകോട്ടിക് കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുള്ള ആളാണെന്ന് റിപ്പോർട്ടുണ്ട്. മന്ത്രവാദം നടന്ന വീടുവാടകയ്ക്ക് എടുത്തിരിക്കുകയാണ്. മന്ത്രവാദത്തിന് എത്തിയ യുവതി, അമ്പിളിയെ കോട്ടയത്ത് ബസ് സ്റ്റാൻഡിൽ വച്ചാണ് പരിചയപ്പെട്ടത്.
20,001 രൂപയുമായി മന്ത്രവാദ പൂജയ്ക്ക് എത്താനാണ് അമ്പിളി യുവതിയോട് പറഞ്ഞിരുന്നത്. തിരുവല്ലയിൽ എത്തിയ യുവതിയെ ഓട്ടോയിലാണ് മന്ത്രവാദം നടന്ന വീട്ടിൽ എത്തിച്ചത്. ഈ വീടിപ്പോൾ പൂട്ടിയനിലയിലാണ്. പൊലീസിൽ പറഞ്ഞാലും ഒരു കുഴപ്പവുമില്ലെന്ന ഭീഷണിയോടെയാണ് അമ്പിളി യുവതിയോട് സംസാരിച്ചത്. ഇതിനുമുൻപും ഇവിടെ മന്ത്രവാദവും മറ്റും നടന്നിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.