പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം (Aranmula Uthrattathi Boat Race) ഇന്ന് (സെപ്‌റ്റംബര്‍ 2) പമ്പയാറ്റിൽ നടക്കും. 48 പള്ളിയോടങ്ങളാണ് ഇത്തവണ ജലോത്സവത്തിൽ മാറ്റുരയ്‌ക്കുക. ഉച്ചയ്ക്ക് ഒരു മണിക്കാണ് വള്ളം കളി മത്സരം ആരംഭിക്കുക. മന്ത്രി സജി ചെറിയാനാണ് (Saji Cheriyan) വള്ളംകളി ഉദ്ഘാടനം ചെയ്യുക. ജലഘോഷയാത്ര ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് (Veena George) ഫ്ലാഗ് ഓഫ് ചെയ്യും. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി വിളക്ക് തെളിയിക്കും.
കൃഷിമന്ത്രി പി പ്രസാദ് പഞ്ചജന്യം സുവനീര്‍ പ്രകാശനം ചെയ്യും. പള്ളിയോട സേവാസംഘം നല്‍കുന്ന രാമപുരത്ത് വാര്യര്‍ പുരസ്‌കാരം മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് പ്രമോദ് നാരായണ്‍ എംഎല്‍എ സമ്മാനിക്കും. ഇന്ന് (സെപ്‌റ്റംബര്‍ 2) രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി എത്തിക്കുന്ന ഭദ്രദീപം കൊളുത്തി ജില്ല കലക്‌ടര്‍ ഡോ ദിവ്യ എസ് അയ്യർ പതാക ഉയർത്തും.
മത്സരം നടക്കുക ഇങ്ങനെ: എ ബാച്ചിലെ 32 പള്ളിയോടങ്ങള്‍ ഒൻപത് ഹീറ്റ്സിലായാണ് മത്സരിക്കുക. ആദ്യ അഞ്ച് ഹീറ്റ്സില്‍ 20 പള്ളിയോടങ്ങളും പിന്നീടുള്ള നാല് ഹീറ്റ്സില്‍ 3 പള്ളിയോടങ്ങള്‍ വീതവുമാണ് മത്സരത്തിനിറങ്ങുക. ബി ബാച്ചിലെ 16 പള്ളിയോടങ്ങള്‍ നാല് ഹീറ്റ്സായും മത്സരിക്കും. എ ബാച്ചിലെ ഒന്ന്, രണ്ട്, മൂന്ന് ഹീറ്റ്സില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ ഒന്നാം സെമിയിലും നാല്, അഞ്ച്, ആറ് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ രണ്ടാം സെമിയിലും, ഏഴ്, എട്ട്, ഒൻപത് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ മൂന്നാം സെമിയിലും മത്സരിക്കും.
മൂന്ന് സെമി ഫൈനലുകളില്‍ ഒന്നാമത് എത്തുന്ന മൂന്ന് പള്ളിയോടങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ബി ബാച്ചിലെ നാല് ഹീറ്റ്സില്‍ ഒന്നാമത് എത്തുന്നവ നേരിട്ട് ഫൈനലിലേക്കും യോഗ്യത നേടും. ഇത്തരത്തിൽ 4 പള്ളിയോടങ്ങൾ ഫൈനലിൽ എത്തും.
പത്തനംതിട്ടയില്‍ ഇന്ന് പ്രാദേശിക അവധി: ഉത്രട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് ജില്ലയില്‍ ഇന്ന് കലക്‌ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്‌ടര്‍ വ്യക്തമാക്കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവില്‍ കലക്‌ടര്‍ വ്യക്തമാക്കി.
കനത്ത സുരക്ഷ സംവിധാനങ്ങള്‍: അഗ്നി രക്ഷാ സേനയുടെ 120 അംഗ സംഘം വള്ളം കളിക്ക് സുരക്ഷ ഒരുക്കും. 8 മുങ്ങൽ വിദഗ്‌ധര്‍ ഉൾപ്പെടുന്ന സ്‌കൂബ ടീമിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. കൂടാതെ ജില്ല ഫയർ ഓഫിസറുടെ നേതൃത്വത്തിൽ 5 സ്റ്റേഷൻ ഓഫിസർമാർ, 4 അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർമാർ, 30 ഫയർ സേനാംഗങ്ങൾ, 60 സിവിൽ ഡിഫൻസ് അംഗങ്ങൾ, 20 ആപ്‌ത മിത്ര സേനാംഗങ്ങൾ എന്നിവരും സുരക്ഷയുടെ ഭാഗമായി സ്ഥലത്തെത്തിയിട്ടുണ്ട്.
പമ്പയിലെ ജലനിരപ്പില്‍ ആശങ്ക: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ പെയ്‌ത കനത്ത മഴയിൽ പമ്പയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പമ്പയിൽ വെള്ളം കുറഞ്ഞിരുന്നതിനാല്‍ വള്ളം കളിയുടെ കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഇന്നലെ (സെപ്‌റ്റംബര്‍ 1) രാത്രി മൂഴിയാർ, മണിയാർ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതും നിലവില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും പമ്പയിലേക്കുള്ള വെള്ളത്തിന്‍റെ വരവ് ഉയരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.