പത്തനംതിട്ട: കലഞ്ഞൂർ പഞ്ചായത്തിലെ വന്യജീവി ആക്രമണം തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു.
കലഞ്ഞൂർ പഞ്ചായത്തിലെ തട്ടാക്കുട്ടി, പാടം, തിടി എന്നീ മേഖലകളിലാണ് വന്യ ജീവികളുടെ ആക്രമണം രൂക്ഷമാകുന്നത്. ഇവിടങ്ങളിൽ വലിയ തോതിൽ കൃഷി നാശം സംഭവിച്ചതായും ജനങ്ങൾക്ക് പരിക്കേൽക്കുന്നതായും പാരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രശ്ന പരിഹാരത്തിനായാണ് എംഎൽഎ യോഗം വിളിച്ചത്.
വന്യ ജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ പ്രധാന ഭാഗങ്ങളിൽ കിടങ്ങുകൾ നിർമിക്കും. മുരുപ്പേൽ- വെള്ളം തെറ്റി, സ്വാമിപ്പാലം-കമ്പകത്തും പച്ച, പൂമരുതിക്കുഴി-സ്വാമിപ്പാലം, ഇരുതോട്-തട്ടാക്കുടി-പൂമരുതിക്കുഴി, സ്വാമിപ്പാലം-ഇരുതോട് തുടങ്ങിയ ഭാഗങ്ങളിൽ സൗരോർജ വേലി സ്ഥാപിക്കും. 24 ലക്ഷം രൂപ ചെലവിൽ 13.5 കിലോമീറ്റർ ദൂരത്തിലാണ് സൗരോർജ വേലി സ്ഥാപിക്കുക.