പത്തനംതിട്ട: നിസാമുദ്ദീനിൽ പോയി മടങ്ങിയെത്തിയവരിൽ രണ്ട് പേരുടെയടക്കം പത്തനംതിട്ടയില്‍ 90 പേരുടെ സാമ്പിൾ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി. ഇതോടെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 16 പേരുടെ സാമ്പിള്‍ പരിശോധന നെഗറ്റീവായി. തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പത്തനംതിട്ടയിൽ നിന്ന് 27 പേരാണ് പങ്കെടുത്തതത്.
വിദേശത്ത് നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ ബന്ധുക്കൾ മരിച്ചത് കൊവിഡ് മൂലമല്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരികരിച്ചു. കുളനട സ്വദേശിയായ യുവാവിന്റെ ഭാര്യ പിതാവും, പെരുനാട് സ്വദേശിയുടെ പിതാവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.
നിലവിൽ ജില്ലയിൽ ആകെ 19 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 3073 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും ഉൾപ്പെടെ 7676 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 95 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടിയാണ് ഇനി ലഭിക്കാനുള്ളത്.