പത്തനംതിട്ട: ടൂറിസ്റ്റ് ബസുകൾ ഓടാതായിട്ട് 50 ദിവസം കഴിഞ്ഞു. മിക്ക ബസുകളുടേയും ടയറുകൾക്ക് കേടുപാടുകൾ വന്നു തുടങ്ങി. ബാറ്ററികളും തകരാറിലായി. ഓയിൽ മാറുവാനോ മറ്റ് അറ്റകുറ്റപണികൾ നടത്തുവാനോ കഴിഞ്ഞിട്ടില്ല. മാർച്ച് മാസം മുതൽ ജൂൺ വരെയുള്ള സർവീസ് ആയിരുന്നു ഇവരുടെ പ്രധാന വരുമാന മാർഗം.
പലരും വർഷങ്ങളായി ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരാണ്. ലോക്ക് ഡൗൺ കഴിഞ്ഞ് വാഹനം നിരത്തിലിറക്കുവാൻ ഇവർക്ക് ഇനിയും ധാരാളം കടമ്പകൾ കടക്കണം. മൂന്ന് ലക്ഷം രൂപയോളം ബസുകളുടെ അറ്റകുറ്റപണികൾക്കായി വേണ്ടിവരും.
40,000 ത്തോളം രൂപ ഒരു ബസിന് മാത്രം ടാക്‌സ് അടക്കണം. മാസങ്ങളായി ഓട്ടം നിലച്ചതാണങ്കിലും ടാക്സിന് ഒരിളവും ലഭിക്കില്ല.അതുകൊണ്ട് തന്നെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.