പാലക്കാട്: മദ്യപിച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയായ മണികണ്‌ഠനാണ് (29) അറസ്റ്റിലായത്. സഹോദരന്‍ ദേവരാജാണ്(25) കൊല്ലപ്പെട്ടത്.
ബുധനാഴ്‌ച രാത്രി 9.30ന് ബിപിഎല്‍ കൂട്ടുപാത മേല്‍പാലത്തിന് സമീപമായിരുന്നു സംഭവം. ദേശീയപാതയിലെ മേൽപ്പാലത്തിന് താഴെ താമസിച്ചിരുന്ന ഇവര്‍ റോഡരികില്‍ മിഠായികളുടെയും മസാലകൂട്ടുകളുടെയും വില്‍പ്പനകാരാണ്. രാത്രി ഏഴരയോടെ കച്ചവടം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ഇരുവരും മദ്യപിച്ചിരുന്നു.
അതിനിടെ കുടുംബ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കമുണ്ടായി. രോഷാകുലനായ മണികണ്‌ഠന്‍ കത്തിയെടുത്ത് ദേവരാജിന്‍റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. തുടര്‍ന്ന് മണികണ്‌ഠന്‍ ബൈക്കുമായി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മണികണ്‌ഠനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ വിളിപ്പുറത്തെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. എഎസ്‌പി എ ഷാഹുൽ ഹമീദ്, സൗത്ത് എസ്‌എച്ച്‌ഒ ഷിജു എബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.