പാലക്കാട്: കഞ്ചാവ് കടത്തുന്നതിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാനായി കുളത്തില്‍ ചാടിയ യുവാവിനെ കുളത്തിലിറങ്ങി അറസ്റ്റ് ചെയ്‌ത് പുതുനഗരം പൊലീസ്. കേരളപുരം സ്വദേശി എ.സനൂപാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ചയാണ് (ഒക്‌ടോബര്‍ 24) സംഭവം.
നാല് കിലോ കഞ്ചാവും 68,400 രൂപയും ഇയാളില്‍ നിന്ന് പിടികൂടി. വൈകിട്ട് കൊടുവായൂര്‍ റോഡില്‍ നടന്ന വാഹന പരിശോധനയ്‌ക്കിടെയാണ് സനൂപും കൂട്ടാളിയായ ഷെബീറും ബൈക്കിലെത്തിയത്. പരിശോധന ശ്രദ്ധയില്‍പ്പെട്ടയുടന്‍ സനൂപ് ബൈക്കില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പൊലീസ് പിന്തുടര്‍ന്നതോടെ ചോറക്കോട് റോഡരികിലെ കുളത്തിലേക്ക് എടുത്ത് ചാടി.
എന്നാല്‍ സനൂപിന് പിന്നാലെ പൊലീസും കുളത്തിലേക്ക് ചാടി ഇയാളെ പിടികൂടുകയായിരുന്നു. അതേസമയം ഇയാളുടെ കൂട്ടാളിയായ ഷെബീര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
സിപിഒമാരായ എസ്. ലിതീഷ്, എം.മണികണ്‌ഠൻ, എസ്ഐ കെ ദിവാകരൻ, എഎസ്ഐ ശിവദാസൻ, ആർ.രതീഷ്, എസ്.കൃഷ്‌ണദാസ്, രാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.