പാലക്കാട്: നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള ബദൽ മാർഗങ്ങളുമായി കരുനാഗപ്പള്ളി സ്വദേശിയായ മിഥുൻ ലാൽ. നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് പകരമായി 14 തരം പ്രകൃതിദത്ത ഉൽപ്പന്നങ്ങളാണ് മൂന്ന് വ്യത്യസ്ത ഗുണനിലവാരത്തിൽ മിഥുന്‍ ലാല്‍ അവതരിപ്പിച്ചത്. പിന്നാക്ക വികസന കോർപ്പറേഷൻ രജതജൂബിലി വിപണന മേളയിലാണ് വ്യത്യസ്തമായ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.
പാള, കരിമ്പിൻ ചണ്ടി, മുള എന്നിവ സംസ്‌കരിച്ച് നിർമിക്കുന്ന വിവിധ വലുപ്പത്തിലുള്ള പ്ലേറ്റുകൾ, ഗ്ലാസുകൾ, സ്ട്രോ, ഗിഫ്റ്റ് ബോക്‌സുകള്‍, ആട്ടയും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഭക്ഷ്യയോഗ്യമായ പ്ലേറ്റുകൾ, ചിരട്ടയിൽ നിർമിക്കുന്ന ഐസ്ക്രീം ബൗളുകൾ എന്നിവ സ്റ്റാളിലുണ്ട്. വിവിധ തരം പേപ്പർ പ്ലേറ്റുകളും മണ്ണിൽ ലയിച്ചു ചേരുന്ന സഞ്ചികൾ തുടങ്ങിയവയും മിഥുൻ ലാൽ തന്‍റെ സ്റ്റാളിലൂടെ പരിചയപ്പെടുത്തുന്നു. ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് വേണ്ടത്ര സാധനങ്ങൾ എത്തിച്ചു കൊടുക്കുമെന്നും മിഥുൻ ലാൽ പറയുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ വിവർത്തനയെന്ന പാള പ്ലെയിറ്റ് നിർമാണ യൂണിറ്റുമായി സഹകരിച്ചാണ് ഇദ്ദേഹത്തിന്‍റെ പ്രവർത്തനം.