അട്ടപ്പാടി (പാലക്കാട്) : അട്ടപ്പാടിയിൽ വന്യമൃഗശല്യത്തിൽ വലഞ്ഞ് നാട്ടുകാരും കർഷകരും. കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്. ചാളയൂർ സ്വദേശി ശരത് (27), ചാവടിയൂർ സ്വദേശി സൂരജ് (26) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരപരിക്കേറ്റ ശരത്തിനെ വിദഗ്‌ധ ചികിത്സക്കായി പെരിന്തൽമണ്ണ ഇ എം എസ് സഹകരണാശുപത്രിയിലേക്ക് മാറ്റി.ചാളയൂർ ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയാണ് അപകടം. കാട്ടുപന്നി ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.
കാട്ടാനശല്യവും അട്ടപ്പാടിയിൽ രൂക്ഷമാണ്. മുക്കാലി, കോട്ടമല, കാരറ എന്നിവിടങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. മുക്കാലിയിൽ മുണ്ടൻപാറ സ്വദേശി ബിനുവിന്‍റെ 600 കുലച്ച വാഴയും, കാരറ മുന്നൂറിൽ വട്ടപറമ്പിൽ പീറ്റർ, ചോളകംപാറ ജോയ് ബാബു എന്നിവരുടെ 300 വാഴയും കോട്ടമലയിൽ അനിൽകുമാറിന്‍റെ 25 തെങ്ങും കാട്ടാന നശിപ്പിച്ചു.
ആനയ്‌ക്ക് പുറമെ മയിലും മാനും കുരങ്ങും വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. പാട്ടത്തിനും വായ്‌പയെടുത്തും കൃഷി ചെയ്‌തവർ ആശങ്കയിലാണ്. തെങ്ങ്, കവുങ്ങ്, കുരുമുളക് വള്ളി, മാങ്ങ, ചക്ക, ചേന, ചേമ്പ്, കാച്ചിൽ, കശുവണ്ടി തുടങ്ങിയവയും മൃഗങ്ങൾ നശിപ്പിക്കുന്നുണ്ട്.
ഏപ്രിൽ ആറിന് വനത്തിൽനിന്ന് തേൻ ശേഖരിച്ച് മടങ്ങുന്നതിനിടയിൽ അട്ടപ്പാടി കിണറ്റുക്കര ഊരിലെ പൊന്നന്‍റെ മകൻ സഞ്ജു (15) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.