പാലക്കാട്: ടാപ്പിങ് ജോലിക്കിടെ കാട്ടുപന്നിയുടെ കുത്തേറ്റ് ഒലിപ്പാറ സ്വദേശി മാണി മത്തായി കൊല്ലപ്പെട്ടതിന് പിന്നാലെ വനപാലര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. റബര്‍ ടാപ്പിങ്ങും കപ്പക്കൃഷിയും ഉപജീവന മാര്‍ഗമാക്കിയ കര്‍ഷകര്‍ പലരും വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ വന്നു പോകുന്നതല്ലാതെ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കാന്‍ വനപാലകര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. വനാതിര്‍ത്തിയില്‍ സ്വന്തമായുള്ള കൃഷിയിടത്തിലെ വിളകളാണ് പല കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗം. നല്ല വിള കിട്ടിയാലും പന്നിയെടുത്തതിന്‍റെ ബാക്കി മാത്രമാണ് പലപ്പോഴും വില്‍പ്പനയ്ക്ക് കിട്ടുക. കാട്ടുപന്നിക്കൊപ്പം പുലിയും കാട്ടാനയും കരടിയുമെല്ലാം കര്‍ഷകരെ വലയ്ക്കുകയാണ്.
Also Read: 2018ലെ പ്രളയം; സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി
പുലര്‍ച്ചെ ജോലിക്കിറങ്ങേണ്ടി വരുമ്പോഴുള്ള ആശങ്ക ചില്ലറയല്ല. കൃഷിനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം കിട്ടാത്തതും പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് പലരും. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് മാണി മത്തായി കാട്ടുപന്നിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്.