പാലക്കാട്: ലോക്‌ഡൗൺ കാലത്ത് ആരും പട്ടിണികിടക്കരുത് എന്ന ലക്ഷ്യത്തോടെ എംഎല്‍എ ഓഫീസ് കൺട്രോൾ റൂമാക്കി മാറ്റിയിരിക്കുകയാണ് തൃത്താല എം.എൽ.എ വി.ടി ബൽറാം. ഇതിന്‍റെ ഭാഗമായി എം.എൽ.എയുടെ നേതൃത്വത്തിൽ തൃത്താല നിയോജക മണ്ഡലത്തിലെ അർഹരായവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
എംഎൽഎയുടെ തൃത്താല ഓഫീസിലാണ് ഭക്ഷ്യധാന്യങ്ങളുടെ സംഭരണം നടക്കുന്നത്. ലോക്‌ഡൗൺ നിർദേശങ്ങൾ പാലിച്ചുകൊണ്ട് അഞ്ച് ആളുകളിൽ താഴെയുള്ളവർ ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കും. ആദ്യ ഘട്ടത്തിൽ ഡയാലിസിസ് രോഗികൾക്കും കിടപ്പു രോഗികൾക്കുമായി 200 ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പൂർത്തിയായി. നിയോജക മണ്ഡലത്തിലെ നിരാലംബർക്കുള്ള 200 ഭക്ഷ്യധാന്യ കിറ്റുകളുടെ പാക്കിങ് ജോലികൾ പൂർത്തിയായി വരികയാണ്. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ജനങ്ങളിലേക്കെത്താൻ കുറച്ചുകൂടി സമയമെടുക്കുമെന്നതിനാൽ അതുവരെയുള്ള ആശ്വാസം എന്ന നിലയിലാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നത്.
മൂന്ന് കിലോ അരി, വെളിച്ചെണ്ണ, റവ, പരിപ്പ്, വൻപയർ, മുളക് പൊടി, മഞ്ഞൾപൊടി, കടുക്, സോപ്പ്, തക്കാളി, കിഴങ്ങ്, ഉള്ളി, പച്ചമുളക്, ചായപ്പൊടി, പഞ്ചസാര തുടങ്ങി 16 ഇനങ്ങളാണ് ഓരോ ഭക്ഷ്യധാന്യകിറ്റിലും അടങ്ങിയിരിക്കുന്നത്. അർഹരായവരുടെ വീടുകളിൽ വോളണ്ടിയർമാർ നേരിട്ട് എത്തിയാണ് കിറ്റ് വിതരണം ചെയ്യുന്നത്.